വ്യാപാരം, നിക്ഷേപം, ഊർജം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്താൻ ധാരണയുമായി ഇന്ത്യ-യുഎഇ. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിന്റെയും യുഎഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെയും സംയുക്ത അദ്ധ്യക്ഷൻ അബുദാബിയിൽ ചേർന്ന സംയുക്ത സമിതിയിലും അഞ്ചാമത് സ്ട്രാറ്റജിക് ഡയലോഗിലുമാണ് ഇതുസംബന്ധിച്ച ധാരണയായത്.
അബുദാബിയിൽ നടന്ന പതിനാറാമത് ഇന്ത്യ-യുഎഇ സംയുക്ത കമ്മീഷൻ യോഗത്തിനും അഞ്ചാമത് ഉഭയകക്ഷി തന്ത്രപരമായ സംഭാഷണത്തിനും ഇരു വിദേശകാര്യ മന്ത്രിമാരും സഹ-അദ്ധ്യക്ഷത വഹിക്കുകയും വ്യാപാരം, നിക്ഷേപം, ഊർജ്ജം, കണക്റ്റിവിറ്റി, പ്രതിരോധം, സുരക്ഷ, വികസന പങ്കാളിത്തം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ഉഭയകക്ഷി ബന്ധങ്ങൾ അവലോകനം ചെയ്യുകയും ചെയ്തു.
ഹരിത ഹൈഡ്രജൻ, പുനരുപയോഗ ഊർജം, എണ്ണ,വാതകം തുടങ്ങിയ മേഖലകളിലെ നിക്ഷേപം വർധിപ്പിക്കും. പ്രതിരോധ സാമഗ്രികളുടെ സംയുക്ത ഉൽപാദനം, സൈനികാഭ്യാസങ്ങൾ, സാങ്കേതിക കൈമാറ്റം എന്നിവയുടെ സാധ്യതകളും ചർച്ച ചെയ്തു. തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ഇരുരാജ്യങ്ങളും കൈകോർക്കാനും ഈ വിഷയത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താനും തീരുമാനിച്ചു. സാംസ്കാരിക, സാമൂഹിക മേഖലകളിലെ ബന്ധങ്ങളും സഹകരണവും വർധിപ്പിക്കും.
സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) നടപ്പാക്കിയതും വിലയിരുത്തി. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനം, ലോജിസ്റ്റിക്സ്, ഭക്ഷ്യസുരക്ഷ രംഗങ്ങളിൽ യുഎഇയുടെ നിക്ഷേപങ്ങൾ ഉടൻ യാഥാർഥ്യമാകുമെന്ന സൂചനയും നൽകി.
സമഗ്രമായ തന്ത്രപരമായ പങ്കാളിത്തത്തിന്റെ ആഴത്തിൽ സംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട്, ജയ്ശങ്കറും ഷെയ്ഖ് അബ്ദുള്ളയും “മുൻഗണനാ മേഖലകളിലെ സഹകരണം കൂടുതൽ ആഴത്തിലാക്കുന്നതിനുള്ള പുതിയ സംരംഭങ്ങളും വരും വർഷത്തേക്കുള്ള പ്രവർത്തനാധിഷ്ഠിത അജണ്ടയും അംഗീകരിച്ചു” എന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.












Discussion about this post