മസ്കറ്റ് : ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമാനിലെത്തി. ഗാർഡ് ഓഫ് ഓണർ നൽകി ഒമാൻ ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഒമാൻ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സയീദ് ആണ് വിമാനത്താവളത്തിൽ മോദിയെ വരവേറ്റത്.
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ ഒമാൻ സന്ദർശനം. ഒമാനിലേക്കുള്ള മോദിയുടെ രണ്ടാമത്തെ സന്ദർശനമാണിത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70 വർഷം തികയുന്ന വേളയിലാണ് ഇപ്പോഴത്തെ സന്ദർശനം. ഈ സന്ദർശന വേളയിൽ ഒമാനുമായി ഇന്ത്യ ഒരു വ്യാപാര കരാർ ഒപ്പുവെക്കും. ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്.
2023 നവംബറിൽ ആണ് ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ചർച്ചകൾ ഔപചാരികമായി ആരംഭിച്ചത്. ഈ വർഷം കരാറിന് അന്തിമ രൂപമായി. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ ഇന്ത്യയുടെ മൂന്നാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനമാണ് ഒമാൻ. 2024-25 ൽ ഇന്ത്യ-ഒമാൻ ഉഭയകക്ഷി വ്യാപാരം ഏകദേശം 10.5 ബില്യൺ യുഎസ് ഡോളറായിരുന്നു.










Discussion about this post