ന്യൂഡൽഹി : ഭാരതത്തിലെ ഒരു കൊളോണിയൽ അവശേഷിപ്പിന് കൂടി മാറ്റം വരുത്തി കേന്ദ്രസർക്കാർ. രാഷ്ട്രപതി ഭവനിൽ സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് സൈനികരുടെ ചിത്രങ്ങൾ ആണ് മാറ്റിയത്. പകരമായി ഭാരതത്തിന്റെ അഭിമാനമായ പരം വീർ ചക്ര ജേതാക്കളുടെ ചിത്രങ്ങൾ സ്ഥാപിച്ചു. കൊളോണിയൽ കാലഘട്ടത്തിലെ ചിഹ്നങ്ങളിൽ നിന്ന് മാറുന്നതിന്റെ ഭാഗമായുള്ള പരം വീർ ഗാലറിയുടെ ഉദ്ഘാടനത്തോടെയാണ് ഈ മാറ്റം.
രാഷ്ട്രപതി ഭവനിൽ മുമ്പ് പ്രദർശിപ്പിച്ചിരുന്ന 96 ബ്രിട്ടീഷ് എ.ഡി.സിമാരുടെ ഛായാചിത്രങ്ങൾക്ക് പകരമായാണ് 21 പരം വീർ ചക്ര ജേതാക്കളുടെ ഛായാചിത്രങ്ങൾ ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്നത്. യുദ്ധസമയത്ത് അസാധാരണമായ ധീരത, ധൈര്യം, ആത്മത്യാഗം എന്നിവ പ്രകടിപ്പിച്ചതിന് നൽകുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന സൈനിക ബഹുമതിയാണ് പരം വീർ ചക്ര. രാഷ്ട്രപതി ദ്രൗപദി മുർമു ആണ് പരം വീർ ഗാലറി ഉദ്ഘാടനം ചെയ്തത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, പരം വീർ ചക്ര അവാർഡ് ജേതാവ് യോഗേന്ദ്ര സിംഗ് യാദവ്, മറ്റ് വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു. രണ്ട് പരം വീർ ചക്ര ജേതാക്കളുടെയും മറ്റ് ധീരതാ അവാർഡ് ജേതാക്കളുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിലാണ് രാഷ്ട്രപതി ഭവനിലെ പരം വീർ ഗാലറിയുടെ സമർപ്പണം നടന്നത്.
നമ്മുടെ രാഷ്ട്രത്തിന്റെ സംരക്ഷകർക്കുള്ള ഹൃദയംഗമമായ ആദരാഞ്ജലിയാണ് ഈ മാറ്റം എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. തങ്ങളുടെ പരമമായ ത്യാഗങ്ങളാൽ മാതൃരാജ്യത്തെ സംരക്ഷിച്ച, ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ നൽകിയ ആ വീരന്മാർക്ക് രാഷ്ട്രം നന്ദി പ്രകടിപ്പിക്കുന്നു. ഈ സംരംഭത്തിന്റെ ഭാഗമായി ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ നിരവധി ദ്വീപുകൾക്ക് പരം വീർ ചക്ര ജേതാക്കളുടെ പേരുകൾ സർക്കാർ നേരത്തെ നൽകിയിരുന്നതായും മോദി എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ പറഞ്ഞു.













Discussion about this post