ന്യൂഡൽഹി : നവംബർ 10 ന് 15 പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി ചെങ്കോട്ട ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഒരു പ്രതിയെ കൂടി അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നിന്നുമാണ് കേസിലെ ഒമ്പതാം പ്രതിയെ അറസ്റ്റ് ചെയ്തത്. ജമ്മു കശ്മീരിലെ ശ്രീനഗറിലെ ഷോപ്പിയാൻ സ്വദേശിയായ യാസിർ അഹമ്മദ് ദാർ എന്നയാളാണ് അറസ്റ്റിലായത്.
ചാവേർ ബോംബർ ഉമർ-ഉൻ-നബിയുടെ അടുത്ത അനുയായി ആയിരുന്നു യാസിർ അഹമ്മദ് ദാർ. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം എൻഐഎ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കി. വാദം കേട്ട ശേഷം, അന്വേഷണം തുടരുന്നതിനാൽ കോടതി ഡിസംബർ 26 വരെ പ്രതിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. അടച്ചിട്ട മുറിയിലാണ് കോടതി വാദം കേട്ടത്.
ഈ ആഴ്ച ആദ്യം, ചെങ്കോട്ട സ്ഫോടനക്കേസിൽ അറസ്റ്റിലായ ഡോ. ബിലാൽ നാസിർ മല്ലയുടെയും ഷോയെബിന്റെയും കസ്റ്റഡി ഡിസംബർ 19 വരെ പട്യാല ഹൗസ് കോടതി നീട്ടിയിരുന്നു. ദേശീയ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ പരിക്കേറ്റവർ ഉൾപ്പെടെ 73 സാക്ഷികളെ എൻഐഎ ഇതുവരെ വിസ്തരിച്ചു.ഡൽഹി പോലീസ്, ജമ്മു കശ്മീർ പോലീസ്, ഹരിയാന പോലീസ്, ഉത്തർപ്രദേശ് പോലീസ്, വിവിധ സഹോദര ഏജൻസികൾ എന്നിവരുമായി അടുത്ത ഏകോപനത്തിൽ ആണ് ദേശീയ അന്വേഷണ ഏജൻസി ഡൽഹി ചെങ്കോട്ട ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണം നടത്തുന്നത്.











Discussion about this post