ധാക്ക : ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങൾക്ക് പ്രധാനമായും നേതൃത്വം നൽകിയ യുവ നേതാവ് ഷെരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടു. ധാക്കയിലെ ഒരു പള്ളിക്ക് പുറത്തുവച്ച് വെടിയേറ്റ ഷെരീഫ് ഉസ്മാൻ ഹാദി സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. യുവ നേതാവിന്റെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ വ്യാപക പ്രതിഷേധങ്ങൾ അരങ്ങേറുകയാണ്. വലിയ രീതിയിലുള്ള അക്രമങ്ങളും തീവെപ്പുമാണ് തലസ്ഥാന നഗരത്തിൽ ഉൾപ്പെടെ നടക്കുന്നത്.

2024 ൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ സർക്കാരിനെതിരെ പ്രക്ഷോഭം നടത്തുകയും ഹസീനയുടെ ഇന്ത്യയിലേക്കുള്ള പാലായനത്തിന് കാരണമാവുകയും ചെയ്ത പ്രതിഷേധ സംഭവങ്ങൾക്ക് നേതൃത്വം നൽകിയ ബംഗ്ലാദേശി യുവ നേതാവാണ്
32 കാരനായ ഷെരീഫ് ഉസ്മാൻ ഹാദി. പ്രതിഷേധ ഗ്രൂപ്പായ ഇങ്ക്വിലാബ് മഞ്ചയുടെ മുതിർന്ന നേതാവ് കൂടിയാണ് ഇയാൾ. 2026 ഫെബ്രുവരിയിലെ ദേശീയ തിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മത്സരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഹാദി.
ഡിസംബർ 12 ന് ധാക്കയിലെ ഒരു പള്ളിയിൽ നിന്ന് പോകുമ്പോൾ മുഖംമൂടി ധരിച്ച അക്രമികൾ ഹാദിയെ വെടി വെക്കുകയായിരുന്നു. സർക്കാർ ഉടൻ തന്നെ അദ്ദേഹത്തെ ചികിത്സയ്ക്കായി സിംഗപ്പൂരിലെ ഒരു ആശുപത്രിയിലേക്ക് ഹെലികോപ്റ്റർ മാർഗം കൊണ്ടുപോയി. വ്യാഴാഴ്ച അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബംഗ്ലാദേശിൽ വീണ്ടും അക്രമ പരമ്പരകൾ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. രാജ്യത്തെ രണ്ട് പ്രമുഖ പത്രങ്ങൾ സ്ഥിതി ചെയ്യുന്ന മീഡിയ ഹൗസ് ഉൾപ്പെടെ പ്രതിഷേധക്കാർ കത്തിച്ചു. ഷെയ്ഖ് ഹസീനയെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളാണ് ഇവയെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. ഹാദിയുടെ കൊലപാതകികളെ എത്രയും പെട്ടെന്ന് നിയമത്തിനു മുൻപിൽ കൊണ്ടുവരുമെന്നും ജനങ്ങൾ സമാധാനം പാലിക്കണമെന്നും ബംഗ്ലാദേശ് ഇടക്കാല സർക്കാരിലെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് രാത്രി വൈകി നടത്തിയ പത്ര സമ്മേളനത്തിൽ പറഞ്ഞു.









Discussion about this post