മോസ്കോ : ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയിൽ നിന്നും ചില അതിശയകരമായ നീക്കങ്ങൾ ഉണ്ടായതായി റഷ്യൻ വിശകലന വിദഗ്ധരുടെ റിപ്പോർട്ട്. എസ്-400 ഇന്ത്യ ഇതുവരെയുള്ള ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ത്യൻ വ്യോമസേന (ഐഎഎഫ്) എസ്-400 ‘ട്രയംഫ്’ സിസ്റ്റം ഉപയോഗിച്ച് 314 കിലോമീറ്റർ അകലെ നിന്ന് ഒരു പാകിസ്താൻ മിസൈൽ തടഞ്ഞതായി മോസ്കോ ആസ്ഥാനമായുള്ള സുരക്ഷാ തന്ത്രജ്ഞൻ അലക്സി മിഖൈലോവ് പെട്രെങ്കോ വ്യക്തമാക്കി.
റഷ്യയുടെ എസ്-400നെക്കുറിച്ച് പാശ്ചാത്യ വിശകലന വിദഗ്ധർ ഉന്നയിച്ച എല്ലാ സംശയങ്ങളെയും തള്ളി കളയുന്നതാണ് ഇന്ത്യൻ വ്യോമസേനയുടെ പ്രകടനം എന്ന് റഷ്യൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. 2022 ൽ റഷ്യൻ എസ്-300 വി4 സിസ്റ്റം 217 കിലോമീറ്റർ അകലെ നിന്ന് ഒരു ഉക്രേനിയൻ യുദ്ധവിമാനം വെടിവച്ചു വീഴ്ത്തിയിരുന്നു. എന്നാൽ ഇന്ത്യ ആ കണക്കിനെ കടത്തിവെട്ടി കൊണ്ട്, പാകിസ്താന്റെ Saab 2000 ‘Erieye’ AWACS എന്ന മിസൈൽ വാഹക യുദ്ധവിമാനത്തെ 314 കിലോമീറ്റർ അകലെ വെച്ച് വെടിവെച്ചു വീഴ്ത്തിയെന്നും റഷ്യൻ റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഡിംഗ മേഖലയ്ക്ക് മുകളിലൂടെ പറക്കുകയായിരുന്ന AWACS ഇന്ത്യൻ അതിർത്തിക്ക് സമീപം എത്തുന്നതിന് മുൻപ് തന്നെ എസ്-400 അതിനെ തടയുകയും തകർത്തു തരിപ്പണമാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഉപരിതല-വ്യോമ മിസൈൽ ആക്രമണങ്ങളിൽ ഒന്നായി ഈ ആക്രമണം അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നും റഷ്യൻ റിപ്പോർട്ട് വ്യക്തമാക്കുന്നു.













Discussion about this post