ധാക്ക : ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നത് തടയണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് റഷ്യൻ അംബാസഡർ. ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ ഗ്രിഗോറോവിച്ച് ഖോസാൻ ആണ് ഇന്ത്യയുമായുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്ന് ബംഗ്ലാദേശ് സർക്കാരിനോട് ആവശ്യമുന്നയിച്ചത്. 1971 ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ നിർണായക പങ്ക് ഊന്നിപ്പറഞ്ഞുകൊണ്ടായിരുന്നു റഷ്യൻ അംബാസഡർ ഇക്കാര്യം വ്യക്തമാക്കിയത്.
1971-ൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച യുദ്ധത്തിൽ ഇന്ത്യയ്ക്ക് റഷ്യ നൽകിയ പിന്തുണയെയും ബംഗ്ലാദേശിലെ റഷ്യൻ അംബാസഡർ അലക്സാണ്ടർ ഗ്രിഗോറിയേവിച്ച് ഖോസിൻ അനുസ്മരിച്ചു. ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള സംഘർഷങ്ങൾ നിലവിലെ പരിധിക്കപ്പുറം വർദ്ധിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഇരു രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ റഷ്യ ഇടപെടുന്നില്ല, എന്നിരുന്നാലും, ഒരു സുഹൃത്തെന്ന നിലയിൽ, ഏറ്റുമുട്ടലിലൂടെയല്ല, സംഭാഷണത്തിലൂടെയാണ് പരിഹാരങ്ങൾ കണ്ടെത്തേണ്ടതെന്ന് ഊന്നിപ്പറയേണ്ടത് പ്രധാനമാണ് എന്നും റഷ്യൻ അംബാസഡർ വ്യക്തമാക്കി.
1971ലെ യുദ്ധസമയത്തും ഇന്ത്യക്കൊപ്പം ഉറച്ചുനിന്നിരുന്ന ആഗോള ശക്തിയായിരുന്നു റഷ്യ. ഈ യുദ്ധത്തിന്റെ അനന്തരഫലമായിട്ടായിരുന്നു കിഴക്കൻ പാകിസ്താൻ ബംഗ്ലാദേശ് എന്ന രാഷ്ട്രമായി മാറിയത്. എന്നാൽ ഇപ്പോൾ അതേ ബംഗ്ലാദേശ് പാകിസ്താന്റെ പിന്തുണയോടെ ഇന്ത്യക്കെതിരെ നീങ്ങുകയാണ്. ഈ സമയത്താണ് റഷ്യയുടെ ഭാഗത്തുനിന്നും ഉള്ള ഈ ഓർമ്മപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്.










Discussion about this post