ഐഎസ്ആർഒയുടെ എൽവിഎം 3 എം 6 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് രാവിലെ 8.55നാണ് വിക്ഷേപണം നടന്നത്. എൽവിഎം 3യുടെ മൂന്നാം വാണിജ്യ വിക്ഷേപണ ദൗത്യമാണിത്
യുഎസ് ഇന്നൊവേറ്ററായ എഎസ്ടി സ്പേസ് മൊബൈലിന്റെ പുതുതലമുറ ആശയവിനിമയ ഉപഗ്രഹമായ ബ്ലൂബേർഡ് ആറിനെയും വഹിച്ചാണ് റോക്കറ്റ് കുതിച്ചത്. ബഹിരാകാശത്ത് നിന്ന് സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് ബ്രോഡ്ബാൻഡ് കണക്ടിവിറ്റി ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് വിക്ഷേപണം. എൽവിഎം 3 എം ആർ എന്ന പേരിലാണ് ദൗത്യം. 6100 കിലോ ഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഉപഗ്രഹാധിഷ്ടിത ഇന്റർനെറ്റ് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് എഎസ്ടി സ്‌പേസ് മൊബൈൽ. നേരിട്ട് മൊബൈൽ ഫോണുകളിൽ ഉപഗ്രഹ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ഇവർ പദ്ധതിയിടുന്നത്.
ബഹിരാകാശത്തുനിന്ന് നേരിട്ട് സ്മാർട്ട്‌ഫോണുകളിലേക്ക് 4 ജി, 5 ജി ഹൈസ്പീഡ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ് ബ്ലൂബേർഡ് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. 223 ചതുരശ്ര മീറ്റർ നീളമുള്ള ആന്റീനകളുള്ള പേടകം ഏറ്റവും വലിയ വാണിജ്യ വാർത്താ വിനിമയ ഉപഗ്രഹമാണ്. ഇതിനു മൻപ് 4400 കിലോ ഭാരമുള്ള ഉപഗ്രഹം നവംബർ 2 ന് ഐഎസ്ആർഒ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചിരുന്നു. സാധാരണ മൊബൈൽ ടവറുകൾ ഇല്ലാത്ത മേഖലകളിലും ഇനി മൊബൈൽ റേഞ്ച് ലഭ്യമാകും. മുൻപ് ഇന്ത്യ വിക്ഷേപിച്ച വൺവെബ് ഉപഗ്രഹങ്ങളേക്കാൾ ഭാരമേറിയതാണ് ബ്ലൂബേർഡ്-6.
രണ്ട് സോളിഡ് സ്ട്രാപ്പ്-ഓൺ മോട്ടോറുകൾ (S200), ഒരു ലിക്വിഡ് കോർ സ്റ്റേജ് (L110), ഒരു ക്രയോജനിക് അപ്പർ സ്റ്റേജ് (C25) എന്നിവ ഉൾപ്പെടുന്ന മൂന്ന് ഘട്ടങ്ങളുള്ള വിക്ഷേപണ വാഹനമാണ് എൽവിഎം 3-എം. 640 ടൺ ലിഫ്റ്റ്-ഓഫ് മാസും 43.5 മീറ്റർ ഉയരവും ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിലേക്ക് (GTO) 4,200 കിലോഗ്രാം പേലോഡ് വഹിക്കാനുള്ള ശേഷിയും ഇതിനുണ്ട്. ചന്ദ്രയാൻ-2, ചന്ദ്രയാൻ-3 എന്നീ ദൗത്യങ്ങളും 72 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ട് രണ്ട് വൺവെബ് ദൗത്യങ്ങളും എൽവിഎം 3 വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.










Discussion about this post