കാഴ്ചയുടെ ലോകം ഇരുളടഞ്ഞതാണെങ്കിലും തന്റെ മനക്കരുത്ത് കൊണ്ട് ആയിരക്കണക്കിന് ആളുകൾക്ക് വെളിച്ചം നൽകുന്ന ശ്രീകാന്ത് ബോല്ല (Srikanth Bolla) എന്ന യുവാവിനെ അറിയാമോ? ആന്ധ്രാപ്രദേശിലെ ഒരു കൊച്ചു ഗ്രാമത്തിൽ കർഷക കുടുംബത്തിലാണ് ശ്രീകാന്ത് ജനിച്ചത്. ജന്മനാ അന്ധനായിരുന്നു അദ്ദേഹം. “ഇവനെക്കൊണ്ട് എന്ത് പ്രയോജനം?” എന്ന് ചോദിച്ച ബന്ധുക്കളോട് ” ഭാവിയിൽ അവൻ വലിയ ഒരാളാകും” എന്ന് വിശ്വസിച്ച മാതാപിതാക്കളായിരുന്നു അവന്റെ കരുത്ത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ സയൻസ് പഠിക്കണമെന്നായിരുന്നു ശ്രീകാന്തിൻ്റെ ആഗ്രഹം. എന്നാൽ അന്ധനായതുകൊണ്ട് സ്കൂൾ അധികൃതർ അവന് പ്രവേശനം നിഷേധിച്ചു.
അവൻ കോടതിയിൽ പോയി കേസ് ജയിച്ചു. സ്കൂളിൽ ചേർന്ന് പഠിച്ചു. 98 ശതമാനം മാർക്കോടെ പ്ലസ് ടു പാസ്സായി. എന്നാൽ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ ഐഐടി (IIT) അവന് പ്രവേശനം നൽകിയില്ല. എന്നാൽ ലോകത്തിലെ ഏറ്റവും മികച്ച സർവ്വകലാശാലയായ എംഐടി (MIT, USA) അവനെ തേടിയെത്തി. അവിടെ പഠിക്കാൻ അവസരം ലഭിച്ച ആദ്യത്തെ അന്ധനായ അന്താരാഷ്ട്ര വിദ്യാർത്ഥിയായി ശ്രീകാന്ത് മാറി.
അമേരിക്കയിൽ വലിയ ശമ്പളമുള്ള ജോലി ലഭിക്കുമായിരുന്നിട്ടും അത് ഉപേക്ഷിച്ച് ശ്രീകാന്ത് ഇന്ത്യയിലേക്ക് മടങ്ങി. “എനിക്ക് മറ്റൊരാളുടെ കീഴിൽ ജോലി ചെയ്യുകയല്ല, മറിച്ച് എന്നെപ്പോലെയുള്ള മറ്റുള്ളവർക്ക് ജോലി നൽകുന്ന ഒരാളാകണം.” ഈ ചിന്തയിൽ നിന്നാണ് ബോള്ളന്റ് ഇൻഡസ്ട്രീസ് ജനിക്കുന്നത്. നമ്മൾ വലിച്ചെറിയുന്ന പാഴ്വസ്തുക്കളിൽ നിന്ന് പരിസ്ഥിതി സൗഹൃദമായ പ്ലേറ്റുകളും കപ്പുകളും അവർ നിർമ്മിച്ചു തുടങ്ങി. തുടക്കത്തിൽ വെറും എട്ട് പേരുമായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് അത്ഭുതകരമായ രീതിയിൽ വളർന്നുകഴിഞ്ഞു.
ഇന്ന് ശ്രീകാന്ത് ബോല്ല ലോകം ആദരിക്കുന്ന ഒരു യുവ സംരംഭകനാണ്. ഏകദേശം ₹500 കോടിക്ക് മുകളിലാണ് ഇന്ന് അദ്ദേഹത്തിന്റെ കമ്പനിയുടെ മൂല്യം. അദ്ദേഹത്തിന്റെ കമ്പനിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും അംഗപരിമിതിയുള്ളവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമാണ്. ശ്രീകാന്തിന്റെ ദീർഘവീക്ഷണത്തിൽ വിശ്വസിച്ച് മഹാനായ രത്തൻ ടാറ്റ പോലും അദ്ദേഹത്തിന്റെ കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. “കാഴ്ചയില്ലാത്തവനല്ല അന്ധൻ, മറിച്ച് കാഴ്ചപ്പാടില്ലാത്തവനാണ് അന്ധൻ” എന്ന് ശ്രീകാന്ത് തന്റെ ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തു. തനിക്ക് പ്രവേശനം നിഷേധിച്ച സിസ്റ്റത്തിന് മുന്നിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന ഒരു വിജയിയായി അദ്ദേഹം മാറി.












Discussion about this post