ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്‌മായിൽ ഹനിയ കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് കണ്ടുമുട്ടിയിരുന്നുവെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കഴിഞ്ഞ ദിവസം നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് ഇറാനിൽ എത്തിയത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനാണ് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടത്. ചടങ്ങിന് മുന്നോടിയായി ടെഹ്‌റാനിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വിവിധ രാഷ്ട്രത്തലവൻമാർക്കും പ്രതിനിധികൾക്കും അനൗപചാരിക ചായ സത്കാരം ഉണ്ടായിരുന്നു. താനും അവിടെ ഉണ്ടായിരുന്നുവെന്ന് ഗഡ്കരി വെളിപ്പെടുത്തി.
“വിവിധ രാഷ്ട്രങ്ങളുടെ തലവന്മാരും സന്നിഹിതരായിരുന്നു, എന്നാൽ രാഷ്ട്രത്തലവനല്ലാത്ത ഒരാൾ ഹമാസ് നേതാവ് ഇസ്മായിൽ ഹനിയെ ആയിരുന്നു. ഞാൻ അദ്ദേഹത്തെ കണ്ടു. പ്രസിഡന്റിനും ചീഫ് ജസ്റ്റിസിനുമൊപ്പം സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് അദ്ദേഹം പോകുന്നത് ഞാൻ കണ്ടു,” ഗഡ്കരി പറഞ്ഞു.സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഞാൻ എന്റെ ഹോട്ടലിലേക്ക് മടങ്ങി, എന്നാൽ ഏകദേശം രാവിലെ 4 മണിയോടെ ഇറാനിലെ ഇന്ത്യൻ അംബാസഡർ എന്റെ അടുത്തേക്ക് വന്ന് നമുക്ക് ഇവിടെനിന്ന് പോകണമെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ഞാൻ ചോദിച്ചു, അദ്ദേഹം പറഞ്ഞു ഹമാസ് തലവൻ കൊല്ലപ്പെട്ടു. ഞാൻ ഞെട്ടിപ്പോയി, എങ്ങനെയാണ് സംഭവിച്ചതെന്ന് ചോദിച്ചു, എനിക്കിതുവരെ അറിയില്ലെന്ന് അദ്ദേഹം മറുപടി നൽകി’ ഗഡ്കരി പറഞ്ഞു.
ജൂലായ് 31 ന് ഏകദേശം 1:15 ന് ആണ് ഹനിയ്യ കൊല്ലപ്പെട്ടതെന്ന് ഇറാനിയൻ അധികൃതർ വിശദീകരിച്ചത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (IRGC) മേൽനോട്ടത്തിലുള്ള അതീവ സുരക്ഷാ സൈനിക സമുച്ചയത്തിലാണ് ഹനിയെ താമസിച്ചിരുന്നത്. ആക്രമണത്തിൽ അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു










Discussion about this post