പുതുവത്സരാഘോഷങ്ങളുടെ മറവിൽ രാജ്യതലസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കാൻ പദ്ധതിയിട്ട കുറ്റവാളി സംഘങ്ങളെയും ലഹരിമാഫിയയെയും വേരോടെ പിഴുതെറിഞ്ഞ് ഡൽഹി പോലീസ്. ‘ഓപ്പറേഷൻ ആഘാത് 3.0’ (Operation Aghat 3.0) എന്ന പേരിൽ നടത്തിയ മിന്നൽ പരിശോധനയിൽ കുപ്രസിദ്ധ കുറ്റവാളികളടക്കം 1306 പേരെയാണ് പോലീസ് വലയിലാക്കിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം നടത്തിയ പരിശോധനകളിൽ 285 പേരെ വിവിധ ക്രിമിനൽ കേസുകളിലായി അറസ്റ്റ് ചെയ്തു. ആയുധ നിയമം, ലഹരിമരുന്ന് വിരുദ്ധ നിയമം (NDPS), എക്സൈസ് നിയമം എന്നിവ പ്രകാരമാണ് നടപടി. പുതുവത്സര തലേന്ന് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ള 504 പേരെ കരുതൽ തടങ്കലിലാക്കി. മോഷണം, പിടിച്ചുപറി തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ട 116 കുപ്രസിദ്ധ കുറ്റവാളികളെയും (Bad Characters) പോലീസ് പിടികൂടി.
ആഘോഷങ്ങളുടെ മറവിൽ വലിയ തോതിലുള്ള അക്രമങ്ങൾ പ്രതികൾ ലക്ഷ്യമിട്ടിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. പരിശോധനകളിൽ 21 നാടൻ പിസ്റ്റളുകൾ, 20 വെടിയുണ്ടകൾ, 27 കത്തികൾ എന്നിവ പിടിച്ചെടുത്തു. ആഘോഷങ്ങളുടെ പേരിൽ വിപണിയിലേക്ക് എത്തിക്കാൻ ലക്ഷ്യമിട്ട മയക്കുമരുന്നിന്റെയും വ്യാജ മദ്യത്തിന്റെയും വൻ ശേഖരവും പോലീസ് പിടികൂടി. രാജ്യതലസ്ഥാനത്തെ തെരുവുകളിൽ ഭീതി പരത്താനുള്ള ഗുണ്ടാസംഘങ്ങളുടെ നീക്കം ഇതോടെ പാളി.
കുറ്റവാളികൾക്ക് ഡൽഹിയിൽ ഇടമില്ലെന്നും ഏത് അടിയന്തര സാഹചര്യത്തെയും നേരിടാൻ സേന സജ്ജമാണെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.













Discussion about this post