പാകിസ്താൻ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ തകർച്ചയിലേക്കെന്ന് പുതിയ റിപ്പോർട്ടുകൾ. സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അസ്ഥിരതയും മൂലം രാജ്യം ശ്വാസംമുട്ടുമ്പോൾ, പാകിസ്താന്റെ ബുദ്ധിശക്തിയും നട്ടെല്ലുമായ പ്രൊഫഷണലുകൾ കൂട്ടത്തോടെ രാജ്യം വിടുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ മാത്രം 5,000 ഡോക്ടർമാരും 11,000 എഞ്ചിനീയർമാരും 13,000 അക്കൗണ്ടന്റുമാരുമാണ് പാകിസ്താൻ വിട്ടുപോയതെന്ന് സർക്കാർ കണക്കുകൾ തന്നെ വ്യക്തമാക്കുന്നു.
ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുമ്പോൾ, സ്വന്തം പൗരന്മാർക്ക് അടിസ്ഥാന സൗകര്യങ്ങളോ സുരക്ഷയോ ഉറപ്പാക്കാൻ കഴിയാത്ത പാക് ഭരണകൂടത്തിന്റെ പരാജയമാണ് ഈ ‘മഹാപലായനം’ വെളിപ്പെടുത്തുന്നത്.
പാകിസ്താൻ തങ്ങളുടെ കഴിവുറ്റ ജനതയെ നഷ്ടപ്പെട്ട് തകർച്ചയിലേക്ക് നീങ്ങുമ്പോൾ, സൈനിക മേധാവി ജനറൽ അസിം മുനീർ നടത്തിയ പരാമർശം ആഗോളതലത്തിൽ പരിഹാസത്തിന് കാരണമായിരിക്കുകയാണ്. പ്രൊഫഷണലുകളുടെ ഈ പലായനത്തെ ‘ബ്രെയിൻ ഡ്രെയിൻ’ എന്ന് വിളിക്കുന്നതിന് പകരം ‘ബ്രെയിൻ ഗെയിൻ’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അമേരിക്കയിലെ പ്രവാസികളോട് സംസാരിക്കവെ അദ്ദേഹം നടത്തിയ ഈ വിചിത്രമായ വാചാടോപം പാകിസ്താൻ പൗരന്മാരെപ്പോലും ചൊടിപ്പിച്ചിട്ടുണ്ട്.
“സെഹ്‌നി മാരീസ്” (മാനസിക രോഗി) എന്നാണ് സോഷ്യൽ മീഡിയയിൽ പാകിസ്താനികൾ തന്നെ മുനീറിനെ വിശേഷിപ്പിക്കുന്നത്. രാജ്യത്ത് വ്യവസായങ്ങളോ ഗവേഷണ ഫണ്ടുകളോ തൊഴിലോ ഇല്ലാത്ത സാഹചര്യത്തിൽ, കഴിവുള്ളവരെ തടയാൻ വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് വിഡ്ഢിത്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
പാകിസ്താനിലെ ഫ്രീലാൻസിങ് മേഖലയും കടുത്ത വെല്ലുവിളിയിലാണ്. രാഷ്ട്രീയ അടിച്ചമർത്തലിന്റെ ഭാഗമായി ഭരണകൂടം ഇടയ്ക്കിടെ ഏർപ്പെടുത്തുന്ന ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ മൂലം 1.62 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായതെന്ന് മുൻ പാക് സെനറ്റർ മുസ്തഫ നവാസ് ഖോഖർ വെളിപ്പെടുത്തി. ലോകത്തെ നാലാമത്തെ വലിയ ഫ്രീലാൻസിങ് ഹബ്ബായിരുന്ന പാകിസ്താനിൽ ഇന്ന് 2.37 ദശലക്ഷം ജോലികളാണ് അപകടത്തിലായിരിക്കുന്നത്.
സാധാരണ തൊഴിലാളികൾ മാത്രമല്ല, ‘പ്രൊഫഷണൽ യാചകരും’ കൂട്ടത്തോടെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നത് പാകിസ്താന് അന്താരാഷ്ട്ര തലത്തിൽ വലിയ നാണക്കേടുണ്ടാക്കുന്നു. ഭിക്ഷാടനത്തിനും നിയമവിരുദ്ധ കുടിയേറ്റത്തിനുമായി പതിനായിരക്കണക്കിന് പാകിസ്താനികളെയാണ് ഗൾഫ് രാജ്യങ്ങൾ നാടുകടത്തിയത്. ഇതേത്തുടർന്ന് വിമാനത്താവളങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ ഷെഹ്ബാസ് ഷെരീഫ് സർക്കാർ നിർബന്ധിതരായി. 2025-ൽ മാത്രം 66,154 യാത്രക്കാരെയാണ് പാക് വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചയച്ചത്.
ഏറ്റവും വലിയ തിരിച്ചടി നേരിടുന്നത് പാകിസ്താന്റെ ആരോഗ്യരംഗമാണ്. 2011 നും 2024 നും ഇടയിൽ നഴ്‌സുമാരുടെ കുടിയേറ്റത്തിൽ 2,144 ശതമാനത്തിന്റെ വർദ്ധനവാണുണ്ടായത്. ചികിത്സിക്കാൻ ഡോക്ടർമാരോ പരിചരിക്കാൻ നഴ്‌സുമാരോ ഇല്ലാത്ത അവസ്ഥയിലേക്ക് രാജ്യം നീങ്ങുകയാണ്.
ഭാരതം ഇന്ന് ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി വളരുകയും വിദേശങ്ങളിൽ ഇന്ത്യക്കാർ ഉന്നതസ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുമ്പോൾ, പാകിസ്താൻ ഭിക്ഷാടനത്തിന്റെയും തീവ്രവാദത്തിന്റെയും കേന്ദ്രമായി മാറിക്കഴിഞ്ഞു. നികുതിപ്പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്ന സൈനിക നേതൃത്വത്തെയും ഭരണകൂടത്തെയും വിമർശിക്കുന്നവരെ തട്ടിക്കൊണ്ടുപോകുന്നതും പീഡിപ്പിക്കുന്നതും പാകിസ്താനിൽ പതിവായിരിക്കുന്നു.
അന്ധമായ ഇന്ത്യാവിരുദ്ധതയും ഭീകരവാദത്തോടുള്ള ആഭിമുഖ്യവും ഒരു രാജ്യത്തെ എങ്ങനെ നശിപ്പിക്കും എന്നതിന്റെ ഉത്തമ ഉദാഹരണമായി പാകിസ്താൻ മാറിക്കഴിഞ്ഞു. സ്വന്തം മണ്ണിലെ ബുദ്ധിശാലികളെ സംരക്ഷിക്കാൻ കഴിയാത്ത, പരിഹാസ്യമായ വാചാടോപങ്ങളിൽ അഭിരമിക്കുന്ന ഒരു നേതൃത്വത്തിന് കീഴിൽ പാകിസ്താന്റെ ഭാവി ഇരുളടഞ്ഞതാണ്.













Discussion about this post