കോടിക്കണക്കിന് ജീവനുകളെ പിറക്കുംമുമ്പേ നശിപ്പിക്കാൻ നേതൃത്വം നൽകിയ ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മുൻ കുടുംബാസൂത്രണ കമ്മീഷണർ പെങ് പെയ്യൂൺ അന്തരിച്ചു. ചൈനയുടെ വിവാദമായ ‘ഒറ്റക്കുട്ടി നയത്തിന്റെ’ അദ്ധ്യക്ഷയായിരുന്ന പെങ്ങിന്റെ മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ, ആദരാഞ്ജലികൾക്ക് പകരം കടുത്ത പ്രതിഷേധവും ശാപവാക്കുകളുമാണ് ചൈനീസ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
കമ്മ്യൂണിസ്റ്റ് പാർട്ടി പെങ്ങിനെ ‘സ്ത്രീകളുടെയും കുട്ടികളുടെയും വിമോചക’യായി വാഴ്ത്തുമ്പോൾ, വിധിക്ക് വിട്ടുകൊടുക്കാതെ ചൈനീസ് ജനത തങ്ങളുടെ രോഷം വെയ്‌ബോ (Weibo) പോലുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ പ്രകടിപ്പിക്കുകയാണ്.
1988 മുതൽ 1998 വരെ ചൈനയുടെ ജനസംഖ്യാ നിയന്ത്രണത്തിന്റെ ചുക്കാൻ പിടിച്ച പെങ് പെയ്യൂണിന്റെ കാലത്താണ് ലോകം കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങൾ നടന്നത്. പെങ്ങിന്റെ മരണവാർത്തയ്ക്ക് താഴെ ഒരു ചൈനീസ് പൗരൻ കുറിച്ചത് ഇങ്ങനെയാണ്: “കൊല്ലപ്പെട്ട ആ കുരുന്നുകൾ നിങ്ങൾക്കായി മറുലോകത്ത് കാത്തിരിക്കുന്നുണ്ടാകും.” ഇവർ ജനിച്ചിരുന്നെങ്കിൽ ഇന്ന് ചൈനയുടെ കരുത്തായ 40 വയസ്സുകാരായ യുവാക്കളായി മാറിയേനെയെന്നും ജനങ്ങൾ രോഷത്തോടെ കുറിക്കുന്നു.
കമ്മ്യൂണിസ്റ്റ് പാർട്ടി ലക്ഷ്യം കണ്ടു എന്ന് അവകാശപ്പെട്ട ഒറ്റക്കുട്ടി നയം യഥാർത്ഥത്തിൽ സ്ത്രീകൾക്ക് നേരെ നടന്ന വലിയ ക്രൂരതയായിരുന്നു. ഗ്രാമങ്ങളിലുടനീളം സഞ്ചരിച്ച് പെങ് നടപ്പിലാക്കിയ നയം ദശലക്ഷക്കണക്കിന് സ്ത്രീകളെ നിർബന്ധിത ഗർഭച്ഛിദ്രത്തിനും വന്ധ്യംകരണത്തിനും ഇരയാക്കി. ആൺകുട്ടികൾക്ക് മാത്രം മുൻഗണന നൽകിയ നയം മൂലം പെൺകുട്ടികളാണെന്നറിഞ്ഞാൽ ഗർഭസ്ഥ ശിശുക്കളെ നിഷ്കരുണം ഇല്ലാതാക്കുന്ന രീതി അക്കാലത്ത് വ്യാപകമായിരുന്നു. ഇത് ചൈനയിലെ ലിംഗാനുപാതത്തെ തകർക്കുകയും സാമൂഹികമായ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുകയും ചെയ്തു.
1980 മുതൽ 2015 വരെ നീണ്ടുനിന്ന ഈ കിരാത നിയമം ഇന്ന് ചൈനയുടെ തന്നെ അന്ത്യത്തിലേക്ക് വിരൽ ചൂണ്ടുകയാണ്. യുവാക്കൾ കുറയുകയും വൃദ്ധരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തതോടെ ചൈനയുടെ സമ്പദ്‌വ്യവസ്ഥ തകരുകയാണ്. പത്ത് വർഷം മുമ്പെങ്കിലും ഈ നയം പിൻവലിച്ചിരുന്നെങ്കിൽ രാജ്യം ഇത്ര വലിയ ജനസംഖ്യാ തകർച്ച നേരിടില്ലായിരുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.













Discussion about this post