ആറാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ട ഹാർലൻഡിന് കളിച്ചുനടക്കേണ്ട പ്രായത്തിൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വന്നു. അമ്മ ജോലിക്ക് പോകുമ്പോൾ തന്റെ അനിയനെയും അനിയത്തിയെയും നോക്കാൻ ആ കുഞ്ഞു കൈകൾ അടുക്കളയിൽ മാജിക് കാട്ടിത്തുടങ്ങി. പക്ഷേ, ജീവിതം അദ്ദേഹത്തിന് നൽകിയത് കയ്പ്പേറിയ അനുഭവങ്ങളായിരുന്നു. റെയിൽവേ തൊഴിലാളിയായും, ഇൻഷുറൻസ് ഏജന്റായും, ഫെറി ബോട്ട് ഡ്രൈവറായും അദ്ദേഹം വേഷങ്ങൾ മാറിമാറി അണിഞ്ഞു. തൊട്ടതൊക്കെ പരാജയം. ഒടുവിൽ കെന്റക്കിയിലെ കോർബിൻ എന്ന സ്ഥലത്ത് ഒരു പെട്രോൾ പമ്പ് നടത്തുന്നതിനിടയിലാണ് അദ്ദേഹം തന്റെ ചെറിയ മോട്ടലിലെ അതിഥികൾക്കായി ഒരു പ്രത്യേക ‘ ചിക്കൻ ഫ്രെെ’ തയ്യാറാക്കി നൽകാൻ തുടങ്ങിയത്.
ഹാർലൻഡിന്റെ ചിക്കന്റെ രുചി പതുക്കെ നാട്ടിലാകെ പടർന്നു. പക്ഷേ, അദ്ദേഹത്തിന് ഒരു പരാതിയുണ്ടായിരുന്നു—ചിക്കൻ വറുത്തെടുക്കാൻ ഒരുപാട് സമയമെടുക്കുന്നു. ഇതിനൊരു പരിഹാരം തേടിയാണ് അദ്ദേഹം അന്ന് പുതിയതായി വന്ന ‘പ്രഷർ കുക്കറുകളിൽ’ പരീക്ഷണം നടത്തിയത്. ചിക്കന്റെ നീരും സ്വാദും നഷ്ടപ്പെടാതെ മിനിറ്റുകൾക്കുള്ളിൽ അത് വെന്തു കിട്ടുമെന്ന് അദ്ദേഹം കണ്ടെത്തി. പുതിയെ രുചിയിൽ ചിക്കൻ ഫ്രെെ എന്ന ആഗ്രഹം അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു,
1930 മുതൽ 1939 വരെയുള്ള ഒൻപത് വർഷം സാൻഡേഴ്‌സ് തന്റെ മസാലക്കൂട്ടുകൾ നിരന്തരം മാറ്റിക്കൊണ്ടിരുന്നു. ഒടുവിൽ 1939-ൽ അദ്ദേഹത്തിന് വ്യത്യസ്തമായ ഒരുരുചിക്കൂട്ട് ഉണ്ടാക്കിയെടുക്കാൻ സാധിച്ചു പക്ഷേ, വിധി വീണ്ടും ചതിച്ചു. പുതിയ ഹൈവേ വന്നതോടെ അദ്ദേഹത്തിന്റെ പെട്രോൾ പമ്പും റെസ്റ്റോറന്റും തകർന്നു. കയ്യിൽ ബാക്കിയുണ്ടായിരുന്നത് വെറും 105 ഡോളറിന്റെ സോഷ്യൽ സെക്യൂരിറ്റി ചെക്ക് മാത്രം. തന്റെ ജീവിതം അവസാനിച്ചു എന്ന് കരുതിയ അദ്ദേഹം ഒരു മരച്ചുവട്ടിൽ ഇരുന്നു തന്റെ മരണപത്രം എഴുതാൻ തുടങ്ങി. എന്നാൽ ആ നിമിഷം അദ്ദേഹം ചിന്തിച്ചു: “എനിക്ക് ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഇനിയും ബാക്കിയുണ്ട്—പാചകം!”
അദ്ദേഹം നിരാശനായില്ല. ആ 65-ാം വയസ്സിൽ തന്റെ പഴയ ഫോർഡ് കാറിൽ പ്രഷർ കുക്കറും രഹസ്യ മസാലക്കൂട്ടും നിറച്ച് അദ്ദേഹം ഓരോ റെസ്റ്റോറന്റുകളിലും കയറിയിറങ്ങി. “ഇത് ഇഷ്ടപ്പെട്ടാൽ മാത്രം ഓരോ ചിക്കനും വിൽക്കുമ്പോൾ എനിക്ക് 4 സെന്റ് (നാല് പൈസ) നൽകിയാൽ മതി” എന്നതായിരുന്നു അദ്ദേഹത്തിന്റെ ഓഫർ. 1009 തവണയാണ് ആളുകൾ അദ്ദേഹത്തെ നിരസിച്ചത്! എന്നാൽ 1010-ാമത്തെ റെസ്റ്റോറന്റ് ഉടമയും സുഹൃത്തുമായ പീറ്റ് ഹർമൻ ആ രുചി അംഗീകരിച്ചു. അവിടെയാണ് KFC (Kentucky Fried Chicken) എന്ന ആഗോള ബ്രാൻഡിന്റെ ആദ്യത്തെ ഫ്രാഞ്ചൈസി പിറന്നത്.
1960-കളിൽ തന്നെ കെഎഫ്‌സി ഒരു വൻ വിജയമായി മാറി. കേണൽ സാൻഡേഴ്‌സ് തന്നെയായിരുന്നു ബ്രാൻഡിന്റെ മുഖം. അദ്ദേഹത്തിന്റെ വെള്ള സ്യൂട്ടും കറുത്ത ടൈയും ‘കേണൽ’ എന്ന പദവിയും (കെന്റക്കി ഗവർണർ നൽകിയ ബഹുമതി) ആളുകൾക്ക് അദ്ദേഹത്തോടുള്ള വിശ്വാസം വർദ്ധിപ്പിച്ചു. സാധാരണ ചിക്കൻ വറുക്കാൻ 30 മിനിറ്റ് എടുക്കുമ്പോൾ, കേണൽ വികസിപ്പിച്ചെടുത്ത പ്രഷർ കുക്കർ സാങ്കേതികവിദ്യ വഴി 9 മിനിറ്റിനുള്ളിൽ ചിക്കൻ തയ്യാറായി. ഇത് ‘ഫാസ്റ്റ് ഫുഡ്’ യുഗത്തിന് തുടക്കമിട്ടു. 1964-ൽ കേണൽ കമ്പനി 2 മില്യൺ ഡോളറിന് വിറ്റു. ഇന്ന് ഇത് Yum! Brands എന്ന കമ്പനിയുടെ കീഴിലാണ്. ഇന്ന് ലോകത്തെ 150-ഓളം രാജ്യങ്ങളിലായി 25,000-ലധികം ഔട്ട്‌ലെറ്റുകളുണ്ട്.
കെഎഫ്‌സിയുടെ ഏറ്റവും വലിയ ശക്തി അതിന്റെ രുചിയാണ്. 1940-കളിലാണ് കേണൽ സാൻഡേഴ്‌സ് തന്റെ ഐതിഹാസികമായ “Original Recipe” പൂർത്തിയാക്കുന്നത്. 11 തരം സുഗന്ധവ്യഞ്ജനങ്ങളും മരുന്നുകളും (Herbs and Spices) ചേർത്തുള്ള ഈ കൂട്ട് ഇന്നും ലോകത്തിലെ ഏറ്റവും വലിയ വാണിജ്യ രഹസ്യമായി തുടരുന്നു. ആർക്കും മുഴുവൻ ചേരുവകളും ചോർത്താൻ കഴിയില്ല എന്ന് ഉറപ്പുവരുത്താൻ കമ്പനി ഒരു തന്ത്രം പ്രയോഗിക്കുന്നു. പകുതി ചേരുവകൾ ഒരു കമ്പനി തയ്യാറാക്കുമ്പോൾ ബാക്കി പകുതി മറ്റൊരു കമ്പനിയാണ് നിർമ്മിക്കുന്നത്. ഒരു പ്രത്യേക കമ്പ്യൂട്ടർ പ്രോഗ്രാം വഴിയാണ് ഇവ പിന്നീട് സംയോജിപ്പിക്കുന്നത്. ചേരുവകൾ പായ്ക്ക് ചെയ്യുന്നവർക്ക് പോലും തങ്ങൾ എന്താണ് മിക്സ് ചെയ്യുന്നതെന്ന് അറിയില്ല.
കേണൽ തന്റെ കൈപ്പടയിൽ പെൻസിൽ കൊണ്ട് എഴുതിയ യഥാർത്ഥ റെസിപ്പി കെന്റക്കിയിലെ ലൂയിസ്‌വില്ലിലുള്ള ആസ്ഥാനത്ത് അതീവ സുരക്ഷയുള്ള ഒരു ഡിജിറ്റൽ ലോക്കറിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ ലോക്കറിന് രണ്ട് വ്യത്യസ്ത കോഡുകളാണുള്ളത്, അത് രണ്ട് വ്യത്യസ്ത ഉദ്യോഗസ്ഥർക്ക് മാത്രമേ അറിയാവൂ. കൂടാതെ, അത്യാധുനിക മോഷണ വിരുദ്ധ സംവിധാനങ്ങളും ഇതിനുണ്ട്.
കെഎഫ്സിയെ കുറിച്ച് ചില വ്യത്യസ്തമായ കാര്യങ്ങൾ കൂടിയുണ്ട്….
സുരക്ഷാ കാവൽ: ഇന്ന് കെന്റക്കിയിലെ ആസ്ഥാനത്ത് 2 അടി കട്ടിയുള്ള കോൺക്രീറ്റ് ഭിത്തികളുള്ള, മോഷൻ സെൻസറുകളും 24 മണിക്കൂർ ക്യാമറ നിരീക്ഷണവുമുള്ള ഒരു വോൾട്ടിലാണ് ആ ഒറിജിനൽ പേപ്പർ സൂക്ഷിച്ചിരിക്കുന്നത്.
ലോകത്ത് ഒരേസമയം രണ്ട് പേർക്ക് മാത്രമേ മുഴുവൻ റെസിപ്പി അറിയാവൂ എന്നാണ് പറയപ്പെടുന്നത്. അവർ രണ്ടുപേരും ഒരേ വിമാനത്തിൽ സഞ്ചരിക്കാൻ പോലും പാടില്ലെന്ന കർശന നിയമമുണ്ട്.
കെഎഫ്സിയുടെ ആദ്യത്തെ ഫ്രാഞ്ചൈസി ഉടമയും കേണൽ സാൻഡേഴ്‌സിന്റെ ആത്മമിത്രവുമായ പീറ്റ് ഹർമൻ ആണ് ഈ ആശയത്തിന്റെ ശില്പി. 1957-ലെ ഒരു സായാഹ്നത്തിൽ, തന്റെ റെസ്റ്റോറന്റിൽ ചിക്കൻ വാങ്ങാൻ വരുന്നവർക്ക് അത് എളുപ്പത്തിൽ കൊണ്ടുപോകാൻ (Takeaway) എന്ത് ചെയ്യാം എന്ന് അദ്ദേഹം ചിന്തിക്കുകയായിരുന്നു.
അക്കാലത്ത് ഹാർലൻഡ് സാൻഡേഴ്‌സിന്റെ പക്കൽ നിന്ന് വാങ്ങിയ ചിക്കൻ കഷ്ണങ്ങൾ പായ്ക്ക് ചെയ്യാൻ കൃത്യമായ ഒരു രീതിയൊന്നും ഉണ്ടായിരുന്നില്ല. അപ്പോഴാണ് ഒരു പരസ്യക്കമ്പനിക്കാരൻ പീറ്റ് ഹർമന്റെ അടുത്തെത്തുന്നത്. അദ്ദേഹത്തിന്റെ കൈവശം 500 വലിയ പേപ്പർ ബക്കറ്റുകൾ ഉണ്ടായിരുന്നു. മറ്റൊരു ബിസിനസ്സിന് വേണ്ടി നിർമ്മിച്ച ആ ബക്കറ്റുകൾ വിറ്റുപോകാത്തതുകൊണ്ട് അത് പീറ്റിന് നൽകാൻ അദ്ദേഹം തീരുമാനിച്ചു. പീറ്റ് ഹർമൻ ഉടൻ തന്നെ ആ ബക്കറ്റിൽ 14 കഷ്ണം ചിക്കനും, 5 ബ്രെഡ് റോളുകളും, ഒരു കപ്പ് ഗ്രേവിയും (Gravy) നിറച്ചു. ഇതിന് അദ്ദേഹം നൽകിയ പേര് ‘Family Bucket’ എന്നായിരുന്നു. വെറും 3.50 ഡോളറിന് ഒരു കുടുംബത്തിന് മുഴുവൻ കഴിക്കാവുന്ന ഭക്ഷണം ഒരു വലിയ ബക്കറ്റിൽ ലഭിക്കുന്നത് ആളുകൾക്ക് വല്ലാത്തൊരു കൗതുകമായിരുന്നു.












Discussion about this post