ബംഗ്ലാദേശിൽ ഇന്ത്യവിരുദ്ധ വികാരം ആളിക്കത്തിക്കാൻ നീക്കം. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യ വിട്ടുനൽകണമെന്നും, ബംഗ്ലാദേശിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തീവ്രനിലപാടുള്ള സംഘടനയായ ഇൻക്വിലാബ് മഞ്ച രംഗത്തെത്തി. ഭാരതത്തിന്റെ പരമാധികാരത്തെയും നയതന്ത്ര നിലപാടുകളെയും വെല്ലുവിളിക്കുന്ന നാല് പ്രധാന ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചിരിക്കുന്നത്.
ബംഗ്ലാദേശിന്റെ ദേശീയ പരമാധികാരം സംരക്ഷിക്കണമെന്ന വ്യാജേന, അവിടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ പുറത്താക്കണമെന്നാണ് ഇൻക്വിലാബ് മഞ്ചയുടെ പ്രധാന ആവശ്യം. നിലവിൽ ബംഗ്ലാദേശിലെ ടെക്സ്റ്റൈൽ, ഐടി മേഖലകളിൽ ഉൾപ്പെടെ നിരവധി ഭാരതീയർ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ വർക്ക് പെർമിറ്റുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ ഇന്ത്യക്കാർക്കെതിരെ പരസ്യമായ വിവേചനത്തിനാണ് സംഘടന ആഹ്വാനം ചെയ്യുന്നത്.
ഡൽഹിയിൽ അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീനയെ ഉടൻ ബംഗ്ലാദേശിന് കൈമാറണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഹസീനയെ വിട്ടുനൽകാൻ സർക്കാർ തയ്യാറായില്ലെങ്കിൽ, ഇന്ത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്നും ഇവർ ഭീഷണി മുഴക്കുന്നു. ഹസീനയുടെ ഭരണകാലത്ത് നടന്ന കുറ്റകൃത്യങ്ങളിൽ ഇന്ത്യയ്ക്കും പങ്കുണ്ടെന്ന തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് സംഘടന ഉയർത്തുന്നത്.
ഹൂഡി എന്നറിയപ്പെടുന്ന വ്യക്തിയുടെ കൊലപാതകത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന എല്ലാവരെയും 24 ദിവസത്തിനുള്ളിൽ അറസ്റ്റ് ചെയ്ത് വിചാരണ ചെയ്യണമെന്നും സംഘടന ആവശ്യപ്പെടുന്നു. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും ആസൂത്രകർക്കും കഠിനശിക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ നിലപാട്. ഈ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇവരുടെ തീരുമാനം.
വിഷം ചീറ്റുന്ന സംഘടനകൾക്ക് പിന്നിൽ വിദേശ ശക്തികളുടെ കരങ്ങളുണ്ടോ എന്ന സംശയം ഇതോടെ ശക്തമാവുകയാണ്. ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത മുതലെടുത്ത് ഭാരതീയരെ വേട്ടയാടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് സർക്കാർ തീരുമാനം.












Discussion about this post