സിനിമാരംഗങ്ങളെ വെല്ലുന്ന നാടകീയ മുഹൂർത്തങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം ഒരു വിവാഹവേദി സാക്ഷ്യം വഹിച്ചത്. ഹൈന്ദവ ആചാരപ്രകാരമുള്ള താലിചാർത്തിനും സിന്ദൂരം ചാർത്തലിനും തൊട്ടുമുൻപ് വീട്ടുകാർ ഞെട്ടലോടെ ആ കാര്യം തിരിച്ചറിഞ്ഞു—’സിന്ദൂരം എവിടെയോ വെച്ച് മറന്നുപോയിരിക്കുന്നു!’. മുഹൂർത്തം കഴിയുന്നതിന് മുൻപ് സിന്ദൂരമെത്തിക്കാൻ വഴിയില്ലാതെ എല്ലാവരും പകച്ചുനിന്ന നിമിഷം, രക്ഷകനായി എത്തിയത് ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ്.
വിവാഹച്ചടങ്ങുകൾ പുരോഗമിക്കെവെ സിന്ദൂരം ചാർത്തൽ ചടങ്ങിനായി പുരോഹിതൻ ആവശ്യപ്പെട്ടപ്പോഴാണ് വീട്ടുകാർ പരിഭ്രാന്തരായത്. കടയിൽ പോയി വാങ്ങി വരാനുള്ള സമയം മുഹൂർത്തം അനുവദിച്ചിരുന്നില്ല. ഈ സമ്മർദ്ദത്തിനിടയിലാണ് ആരോ ‘ബ്ലിങ്കിറ്റ്’ വഴി ഓർഡർ ചെയ്യാമെന്ന ബുദ്ധി ഉപദേശിച്ചത്. ഒട്ടും വൈകിക്കാതെ സിന്ദൂരം ഓർഡർ ചെയ്തു.
ഓർഡർ ചെയ്ത് മിനിറ്റുകൾക്കുള്ളിൽ ബ്ലിങ്കിറ്റ് ഡെലിവറി പങ്കാളി വിവാഹ മണ്ഡപത്തിലെത്തി സിന്ദൂരം കൈമാറി. വിവാഹവേഷത്തിൽ നിൽക്കുന്ന വധൂവരന്മാരും ബന്ധുക്കളും ആവേശത്തോടെയാണ് ഡെലിവറി ബോയിയെ സ്വീകരിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാണ്. “സിന്ദൂരദാനം തടസ്സപ്പെട്ടപ്പോൾ, വെറും മിനിറ്റുകൾക്കുള്ളിൽ ബ്ലിങ്കിറ്റ് അത് സാധ്യമാക്കി” എന്ന കുറിപ്പോടെയാണ് വീഡിയോ വൈറലായിരിക്കുന്നത്.കൃത്യസമയത്ത് സിന്ദൂരമെത്തിയതോടെ ആചാരപ്രകാരം താലിചാർത്തലും സിന്ദൂരദാനവും ഭംഗിയായി പൂർത്തിയാക്കാൻ വീട്ടുകാർക്ക് സാധിച്ചു.
ബ്ലിങ്കിറ്റിന്റെ സിഇഒ അൽബിന്ദർ ധീൻഡ്സയും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. “സിനിമ പോലെ തോന്നിക്കുന്നുണ്ടെങ്കിലും ഇത് യഥാർത്ഥമാണ്. വധൂവരന്മാർക്ക് വിവാഹ ആശംസകൾ നേരുന്നു” എന്ന് അദ്ദേഹം കുറിച്ചു. ‘സിന്ദൂരത്തിന്റെ വില ഇപ്പോൾ ബ്ലിങ്കിറ്റിന് അറിയാം’ എന്നും ‘ഇതൊരു സൂപ്പർ ഡെലിവറി’ എന്നുമൊക്കെയാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ.












Discussion about this post