ദിസ്പൂർ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഒരു ദിവസത്തെ സന്ദർശനത്തിനായി അസമിൽ എത്തി. ഈ സന്ദർശനത്തിൽ അസമിലുടനീളം നിരവധി അടിസ്ഥാന സൗകര്യ, സാംസ്കാരിക പദ്ധതികൾ അദ്ദേഹം ഉദ്ഘാടനം ചെയ്യും. മഹാനായ സന്യാസി ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലത്തിന്റെ പുനർവികസന പദ്ധതിയും അദ്ദേഹം ഉദ്ഘാടനം നിർവഹിക്കും. ഞായറാഴ്ച രാത്രി അഹമ്മദാബാദിൽ നിന്ന് അമിത് ഷാ ഗുവാഹത്തിയിൽ എത്തുമെന്ന് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും കനത്ത മൂടൽമഞ്ഞ് കാരണം അദ്ദേഹത്തിന്റെ യാത്ര ഒരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.
അസം പ്രസ്ഥാനത്തിലെ രക്തസാക്ഷികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് അമിത് ഷായുടെ അസം സന്ദർശനം ആരംഭിക്കുന്നത്. തുടർന്ന് അദ്ദേഹം വൈഷ്ണവ സന്യാസി ശ്രീമന്ത ശങ്കർദേവിന്റെ ജന്മസ്ഥലമായ നാഗോൺ ജില്ലയിലെ ബോർഡുവയിലുള്ള ബടദ്രവ താൻ സന്ദർശിക്കും. അവിടെ 227 കോടി രൂപയുടെ പുനർവികസന പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്യുകയും ചെയ്യും. ബോർഡുവയിൽ ഒരു പൊതുയോഗത്തെയും അമിത് ഷാ അഭിസംബോധന ചെയ്യും.
ഗുവാഹത്തി പോലീസ് കമ്മീഷണറേറ്റിന്റെ പുതിയ കെട്ടിടവും നഗരത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി 189 കോടി രൂപ ചിലവിൽ നിർമ്മിച്ചിട്ടുള്ള ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റവും (ഐ.സി.സി.എസ്) ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിക്കും. ഗുവാഹത്തിയിൽ 291 കോടി രൂപ ചിലവിൽ നിർമ്മിച്ചിട്ടുള്ള ജ്യോതി ബിഷ്ണു സാംസ്കാരിക സമുച്ചയവും അമിത് ഷാ ഉദ്ഘാടനം ചെയ്യും. 5000 പേരെ ഉൾക്കൊള്ളുന്ന ഓഡിറ്റോറിയം ഉൾപ്പെടെയുള്ള സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അമിത് ഷായുടെ ഈ സന്ദർശനം അസമിന്റെ വളർച്ചയുടെയും സാംസ്കാരിക നവോത്ഥാനത്തിന്റെയും ഒരു പുതിയ പ്രഭാതത്തിന് തുടക്കം കുറിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.











Discussion about this post