ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തെ മുഴുവൻ മുൾമുനയിലാക്കി പേവിഷബാധ ഭീതി. പേപ്പട്ടി കടിയേറ്റതിനെ തുടർന്ന് ചത്ത എരുമയുടെ പാൽ ഉപയോഗിച്ച് നിർമ്മിച്ച തൈര് കഴിച്ച നാനൂറോളം ഗ്രാമീണരാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. യുപിയിലെ ലഖിംപൂർ ഖേരി ജില്ലയിലെ ഗുലാരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഗ്രാമത്തിലെ ഒരു കർഷകന്റെ എരുമ ചത്തത്. പട്ടി കടിയേറ്റതിനെ തുടർന്നാണ് എരുമ ചത്തതെന്ന് വ്യക്തമായിരുന്നെങ്കിലും, ഇതിന് മുൻപ് തന്നെ എരുമയുടെ പാൽ ഉപയോഗിച്ച് വലിയ അളവിൽ തൈര് നിർമ്മിച്ചിരുന്നു. ഈ തൈര് ഗ്രാമത്തിലെ നിരവധി പേർക്ക് വിതരണം ചെയ്യുകയും ചെയ്തു. ഗ്രാമത്തിലെ ഒരു വിവാഹച്ചടങ്ങിനോടനുബന്ധിച്ചാണ് ഈ തൈര് ഭൂരിഭാഗം പേരും കഴിച്ചതെന്ന് പ്രാദേശിക മാദ്ധ്യമങ്ങ8 റിപ്പോർട്ട് ചെയ്യുന്നു.
എരുമ ചത്തതിന് പിന്നാലെ മൃഗഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് എരുമയ്ക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. ഈ വാർത്ത പരന്നതോടെ ഗ്രാമം ഒന്നടങ്കം പരിഭ്രാന്തിയിലായി. പാൽ കുടിച്ചവരും തൈര് കഴിച്ചവരും ഉടൻ തന്നെ ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഇതേത്തുടർന്ന് ഏകദേശം 200-ഓളം പേർ ലഖിംപൂർ ഖേരിയിലെ ജില്ലാ ആശുപത്രിയിൽ നേരിട്ടെത്തി പേവിഷബാധയ്ക്കെതിരെയുള്ള കുത്തിവെപ്പ് എടുത്തു. ബാക്കിയുള്ളവർക്കായി ഗ്രാമത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചാണ് പ്രതിരോധ മരുന്ന് നൽകുന്നത്.
ഗ്രാമത്തിലെ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ഇപ്പോൾ നിരീക്ഷണത്തിലാണ്. കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മൃഗങ്ങൾക്ക് പട്ടി കടിയേറ്റാൽ ഉടൻ തന്നെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണമെന്നും പാലും മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർത്ഥിച്ചു.













Discussion about this post