വാഷിംഗ്ടൺ : യുഎസ് പ്രസിഡന്റ് ആയി രണ്ടാമത് അധികാരമേറ്റ ഉടൻതന്നെ ഡൊണാൾഡ് ട്രംപ് ഐക്യരാഷ്ട്രസഭയ്ക്കുള്ള ഫണ്ടിങ് വെട്ടിക്കുറയ്ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. യുഎൻ ഫണ്ടിൽ യുഎസ് ഭരണകൂടം വരുത്തിയിരിക്കുന്ന മാറ്റങ്ങളുടെ പുതിയ റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നേരത്തെ 17 ബില്യൺ ഡോളർ ആയിരുന്നു യുഎസ് യുഎന്നിന് ധനസഹായമായി നൽകിയിരുന്നത്. എന്നാൽ രണ്ടാം ട്രംപ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം വെറും രണ്ട് ബില്യൺ ഡോളർ മാത്രമാണ് യുഎസ് യുഎന്നിന് ഫണ്ട് നൽകുന്നത് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഐക്യരാഷ്ട്രസഭയുടെ വിവിധ മാനുഷിക സഹായങ്ങൾക്കായുള്ള പദ്ധതികൾക്ക് നൽകിവരുന്ന ഫണ്ടും യുഎസ് സർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. യുഎസ് യുഎന്നിന് നൽകിവന്നിരുന്ന സഹായം വെട്ടിക്കുറച്ചതോടെ മറ്റു പാശ്ചാത്യ രാജ്യങ്ങളും ഇതേ മാതൃക പിന്തുടരുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നും ലഭിച്ചിരുന്ന ധനസഹായം കുറയുന്നത് ഐക്യരാഷ്ട്രസഭയുടെ മാനുഷിക പ്രവർത്തനങ്ങളിൽ വലിയ കുറവാണ് ഉണ്ടാക്കിയിരിക്കുന്നത്.
ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കാനും ദശലക്ഷക്കണക്കിന് ആളുകളെ കുടിയിറക്കാനും രോഗത്തിനും ഇരയാക്കാനും ഈ ഫണ്ട് വെട്ടിക്കുറക്കൽ നടപടി കാരണമാകും എന്നാണ് ഐക്യരാഷ്ട്രസഭ സൂചിപ്പിക്കുന്നത്. ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനാൽ ഐക്യരാഷ്ട്രസഭ നിരവധി ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ട്. അമേരിക്കയുടെ മാതൃക പിന്തുടർന്ന് മറ്റു രാജ്യങ്ങളും ഫണ്ട് കുറയ്ക്കുന്നതോടെ ഐക്യരാഷ്ട്രസഭയുടെ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാകുന്നതായിരിക്കും.










Discussion about this post