ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ആക്ടിംഗ് ചെയർമാൻ താരിഖ് റഹ്മാൻ. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ നിന്ന് മത്സരിക്കാനായി താരിഖ് റഹ്മാൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.
തന്റെ കുടുംബത്തിന്റെ പരമ്പരാഗത കോട്ടകളിൽ ഒന്നായ ബോഗ്ര-6 മണ്ഡലത്തിൽ നിന്നും, കൂടാതെ മറ്റൊരു സുരക്ഷിത മണ്ഡലത്തിൽ നിന്നുമാണ് താരിഖ് റഹ്മാൻ പത്രിക സമർപ്പിച്ചിരിക്കുന്നത്. ലണ്ടനിൽ ദീർഘകാലമായി പ്രവാസജീവിതം നയിച്ചിരുന്ന താരിഖ്, ഹസീന സർക്കാർ പുറത്തായതോടെയാണ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയത്.
മുൻപ് ഹസീന സർക്കാരിന്റെ കാലത്ത് നിരവധി ക്രിമിനൽ കേസുകളിലും അഴിമതി ആരോപണങ്ങളിലും ശിക്ഷിക്കപ്പെട്ട വ്യക്തിയാണ് താരിഖ് റഹ്മാൻ. എന്നാൽ രാഷ്ട്രീയ പ്രേരിതമായാണ് ഈ കേസുകൾ ചുമത്തിയതെന്നാണ് ബിഎൻപിയുടെ വാദം. ഇടക്കാല സർക്കാർ അധികാരമേറ്റതോടെ താരിഖിന്റെ ശിക്ഷകൾ പുനഃപരിശോധിക്കപ്പെടുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തടസ്സങ്ങൾ നീങ്ങുകയുമായിരുന്നു.
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ മത്സരരംഗത്തേക്ക് ഇറങ്ങുന്നത് ബിഎൻപി പ്രവർത്തകർക്ക് വലിയ ആവേശമാണ് പകർന്നിരിക്കുന്നത്. ശൈഖ് ഹസീനയുടെ അസാന്നിധ്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാൻ തന്നെയാകും പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന സൂചനയാണ് ബിഎൻപി നൽകുന്നത്.
ബംഗ്ലാദേശിലെ ഈ രാഷ്ട്രീയ മാറ്റങ്ങളെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്. ബിഎൻപി ഇന്ത്യയുമായി എത്തരത്തിലുള്ള നയതന്ത്ര ബന്ധമാണ് പുലർത്തുക എന്നത് ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും. പാകിസ്താൻ അനുകൂല നിലപാട് സ്വീകരിക്കാൻ സാധ്യതയുള്ള സംഘടനകൾക്ക് ബിഎൻപിയിൽ സ്വാധീനമുള്ളതിനാൽ ഇന്ത്യ കരുതലോടെയാണ് നീങ്ങുന്നത്.













Discussion about this post