ആർഎസ്എസ് സ്ഥാപകൻ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ സ്മൃതിമന്ദിരമായ നാഗ്പൂരിലെ സ്മൃതി മന്ദിർ സന്ദർശിച്ച് ഇസ്രായേൽ കോൺസൽ ജനറൽ യാവിൻ രേവാച്ച്. ഇന്നലെ വൈകിട്ടാണ് രേവാച്ച് രേഷിംബാഗിലെ സ്മൃതി മന്ദിരത്തിലെത്തി ആദരമർപ്പിച്ചത്. ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങൾ തുടരുന്ന വേളയിൽ ആസ്ഥാനം സന്ദർശിക്കാൻ കഴിഞ്ഞത് വലിയൊരു ധന്യതയായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഡോക്ടർജിയുടെ സ്മൃതി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം, ഡോക്ടർജിയുടെയും രണ്ടാമത്തെ സർസംഘചാലക് ശ്രീ ഗുരുജി ഗോൾവാൾക്കറുടെയും സ്മരണകൾക്ക് മുന്നിൽ പ്രണമിച്ചു. ആർഎസ്എസിന്റെ നൂറ് വർഷത്തെ പ്രയാണത്തെക്കുറിച്ചും സംഘടന നടപ്പിലാക്കുന്ന വിപുലമായ സാമൂഹിക പരിഷ്കരണ പ്രവർത്തനങ്ങളെക്കുറിച്ചും അദ്ദേഹം ഭാരവാഹികളോട് ചോദിച്ചറിഞ്ഞു.
“1925-ൽ ആരംഭിച്ച സംഘത്തിന്റെ ശാഖ നേരിൽ കാണാൻ സാധിച്ചു. ആർഎസ്എസ് സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാറിന്റെയും ശ്രീ ഗുരുജിയുടെയും സ്മരണകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഡോക്ടർജിയുടെ ജീവിതവും പ്രവർത്തനങ്ങളും അടുത്തറിയാൻ കഴിഞ്ഞത് വലിയൊരു അനുഭവമാണ്,” എന്ന് സന്ദർശനത്തിന് ശേഷം യാവിൻ രേവാച്ച് കുറിച്ചു.
നാഗ്‌പൂർ മഹാനഗർ സംഘചാലക് രാജേഷ് ലോയ, വികാസ് തെലങ് എന്നിവർ ചേർന്ന് കോൺസൽ ജനറലിനെ സ്വീകരിച്ചു. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ, ആർഎസ്എസ് ആസ്ഥാനത്തെ ഇസ്രായേൽ പ്രതിനിധിയുടെ സന്ദർശനം ഏറെ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് ലോകം വീക്ഷിക്കുന്നത്. ആർഎസ്എസിന്റെ അച്ചടക്കവും രാജ്യസ്നേഹവും ലോകത്തിന് തന്നെ മാതൃകയാണെന്ന സന്ദേശമാണ് ഇത്തരം സന്ദർശനങ്ങൾ നൽകുന്നത്.











Discussion about this post