അതിർത്തിയിൽ പാകിസ്താൻ്റെ മുനയൊടിച്ച ഇന്ത്യയുടെ സൈനിക വിജയത്തിന്മേൽ അവകാശവാദവുമായി എത്തിയ ചൈനയ്ക്ക് കനത്ത തിരിച്ചടി നൽകി കേന്ദ്ര സർക്കാർ. മെയ് മാസത്തിൽ നടന്ന ഇന്ത്യ-പാക് സൈനിക സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥത വഹിച്ചത് തങ്ങളാണെന്ന ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുടെ പ്രസ്താവന ഇന്ത്യ തള്ളി. സംഘർഷം അവസാനിപ്പിച്ചത് ഇരുരാജ്യങ്ങളിലെയും ഡിജിഎംഒമാർ നേരിട്ട് സംസാരിച്ചാണെന്നും ഇതിൽ മൂന്നാം കക്ഷിക്ക് യാതൊരു സ്ഥാനവുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പിന്നാലെയാണ് ഇപ്പോൾ ക്രെഡിറ്റ് യുദ്ധവുമായി ചൈനയും രംഗത്തെത്തിയിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ യുദ്ധസമാനമായ സാഹചര്യമായിരുന്നു ഈ വർഷം ലോകത്ത് നിലനിന്നിരുന്നതെന്ന് ബെയ്ജിങ്ങിൽ നടന്ന രാജ്യാന്തര സെമിനാറിൽ വാങ് യീ പറഞ്ഞു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷം അയക്കുന്നതിൽ ചൈന നിർണ്ണായക പങ്ക് വഹിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. നേരത്തെ, താരിഫുകളും നയതന്ത്ര സമ്മർദ്ദങ്ങളും ഉപയോഗിച്ച് താനാണ് ഇന്ത്യ-പാക് ആണവയുദ്ധം തടഞ്ഞതെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ട്രംപിന്റെ ഈ വാദത്തെ ഇന്ത്യ ശക്തമായി എതിർത്തതിന് പിന്നാലെയാണ് ഇപ്പോൾ ചൈനയുടെ കടന്നുകയറ്റം.
എന്നാൽ സംഘർഷസമയത്ത് പാകിസ്താന് ആയുധങ്ങളും തന്ത്രപരമായ സഹായവും നൽകിയ ചൈന ഇപ്പോൾ സമാധാനത്തിന്റെ വക്താക്കളായി ചമയുന്നത് വിരോധാഭാസമാണെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ആധുനിക ആയുധങ്ങൾക്കും കരുത്തിനും മുന്നിൽ ചൈനീസ് നിർമ്മിത വ്യോമ പ്രതിരോധ സംവിധാനങ്ങൾ പാകിസ്താനിൽ പരാജയപ്പെട്ടത് ലോകം കണ്ടതാണ്. ഇതിന്റെ നാണക്കേട് മറയ്ക്കാനാണ് ഇപ്പോൾ ‘മധ്യസ്ഥ’ വേഷം കെട്ടുന്നതെന്നാണ് വിമർശനം.
നേരത്തെ ആർമി ജനറൽ രാഹുൽ ആർ. സിംഗ് വെളിപ്പെടുത്തിയത് പ്രകാരം, പാകിസ്താനെ മുൻനിർത്തി ഭാരതത്തിനെതിരെ ചൈന തങ്ങളുടെ ആയുധങ്ങൾ പരീക്ഷിക്കുകയായിരുന്നു. പാകിസ്താൻ ഉപയോഗിക്കുന്ന 81 ശതമാനം ആയുധങ്ങളും ചൈനയുടേതാണ്. ഈ സംഘർഷത്തെ ഒരു ‘ലൈവ് ലാബ്’ ആയി കണ്ട് ചൈന പാകിസ്താന് തത്സമയ വിവരങ്ങൾ കൈമാറിയിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. ഭാരതത്തിന്റെ ‘ഓപ്പറേഷൻ സിന്ദൂർ’ വഴി പാകിസ്താനിലെ 9 ഭീകരക്യാമ്പുകൾ തകർത്തതോടെ ചൈനീസ് ആയുധങ്ങളുടെ പരിമിതിയും വ്യക്തമായി.













Discussion about this post