ന്യൂഡൽഹി : വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ഈ മാസം അവസാനത്തോടെ നടക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആയിരിക്കും ഫ്ലാഗ് ഓഫ് നിർവഹിക്കുക. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരീക്ഷണം, പരിശോധന, സർട്ടിഫിക്കേഷൻ എന്നിവ സർക്കാർ പൂർത്തിയാക്കി. ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസ് നടത്തുന്ന റൂട്ടും തീരുമാനിച്ചതായി റെയിൽവേ മന്ത്രി അറിയിച്ചു.
ദീർഘദൂര റൂട്ടുകൾക്കും രാത്രി യാത്രകൾക്കുമായി ഇന്ത്യൻ റെയിൽവേ രൂപകൽപ്പന ചെയ്ത പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്ത ട്രെയിനാണ് വന്ദേ ഭാരത് സ്ലീപ്പർ. നിലവിൽ രണ്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ തയ്യാറാണെന്നും അവ വിജയകരമായി പരീക്ഷിച്ചുവെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിലാണ് ആദ്യ റൂട്ട് നിശ്ചയിച്ചിരിക്കുന്നത്. ഓരോ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിലും 11 എസി ത്രീ-ടയർ, 4 എസി ടു-ടയർ, ഒരു എസി ഫസ്റ്റ്-ടയർ കോച്ച് എന്നിവയുൾപ്പെടെ 16 കോച്ചുകൾ ആണ് ഉള്ളത്. 823 യാത്രക്കാർക്കുള്ള സീറ്റുകളാണ് ഓരോ ട്രെയിനിലും ഉള്ളത്.
അടുത്ത ആറ് മാസത്തിനുള്ളിൽ എട്ട് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ കൂടി അവതരിപ്പിക്കുമെന്നും വർഷാവസാനത്തോടെ മൊത്തം എണ്ണം 12 ആകുമെന്നും റെയിൽവേ മന്ത്രി അറിയിച്ചു. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്റർ ആയിരിക്കും. ഇന്ത്യൻ റെയിൽവേയുടെ കണക്കനുസരിച്ച്, ഗുവാഹത്തിക്കും കൊൽക്കത്തയ്ക്കും ഇടയിലുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ വൺവേ നിരക്ക് ₹2,300 മുതൽ ആരംഭിക്കും.
വന്ദേ ഭാരത് സ്ലീപ്പർ എസി (3-ടയർ) നിരക്ക്: 2,300 രൂപ.
വന്ദേ ഭാരത് സ്ലീപ്പർ എസി (2-ടയർ) നിരക്ക്: 3,000 രൂപ.
വന്ദേ ഭാരത് സ്ലീപ്പർ എസി (ഫസ്റ്റ് ക്ലാസ്) നിരക്ക്: 3,600 രൂപ.











Discussion about this post