ചെന്നൈ:പ്രശസ്ത മലയാളി താരം ഉണ്ണി മുകുന്ദൻ മുതിർന്ന ബിജെപി നേതാവും മുൻ തമിഴ്‌നാട് ബിജെപി അധ്യക്ഷനുമായ കെ. അണ്ണാമലൈയുമായി അദ്ദേഹത്തിന്റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.സൗഹൃദപരമായ ഈ കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിശേഷങ്ങൾ ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചത്. രാഷ്ട്രീയത്തിനപ്പുറം സിനിമ, സ്പോർട്സ്, ജീവിതം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായ ഒരു ഹൃദ്യമായ ഉച്ചഭക്ഷണമായിരുന്നു അതെന്ന് താരം കുറിച്ചു.
“ജീവിതത്തിൽ കംഫർട്ട് സോണിന് പുറത്തേക്ക് നടന്നു കയറുന്നവർ എന്നും പ്രചോദനമാണ്. അണ്ണാമലൈയും കുടുംബവും നൽകിയ സ്‌നേഹത്തിനും ആതിഥ്യമര്യാദയ്ക്കും നന്ദി,” – ഉണ്ണി മുകുന്ദൻ കുറിച്ചു. നേരത്തെ നിശ്ചയിച്ചിരുന്ന ഈ കൂടിക്കാഴ്ച പുതുവർഷത്തിലെ ആദ്യ ദിനം തന്നെ നടന്നത് യാദൃശ്ചികമാണെങ്കിലും വളരെ സന്തോഷം നൽകുന്നതാണെന്നും താരം കൂട്ടിച്ചേർത്തു. ജനറേഷൻ സെഡിന് (Gen-Z) മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അണ്ണാമലൈയുടേതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
അണ്ണാമലൈയെ ഒരു അടുത്ത സുഹൃത്തായി വിശേഷിപ്പിച്ച ഉണ്ണി മുകുന്ദൻ, അദ്ദേഹത്തിന്റെ ലളിതമായ ജീവിതശൈലിയെയും സധൈര്യമുള്ള നിലപാടുകളെയും പ്രശംസിച്ചു. ഐപിഎസ് എന്ന സുരക്ഷിതമായ കരിയറിൽ നിന്നും മുഖ്യധാര രാഷ്ട്രീയത്തിലേക്കുള്ള അണ്ണാമലൈയുടെ ചുവടുമാറ്റത്തെ ഉണ്ണി മുകുന്ദൻ അഭിനന്ദിച്ചു. അണ്ണാമലൈ രചിച്ച ‘ബിയോണ്ട് ഖാക്കി’ എന്ന പുസ്തകം തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
കൂടിക്കാഴ്ചയുടെ അവസാനം ഒരു ക്രിക്കറ്റ് മത്സരത്തിന് വേണ്ടിയുള്ള വെല്ലുവിളിയും താരം തമാശരൂപേണ മുന്നോട്ടുവെച്ചിട്ടുണ്ട്. ജനറേഷൻ സെഡിന് (Gen-Z) മാതൃകയാക്കാവുന്ന വ്യക്തിത്വമാണ് അണ്ണാമലൈയുടേതെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.













Discussion about this post