1898-ൽ ഉത്തർപ്രദേശിലെ പിപ്രഹ്വയിൽ നിന്ന് ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടുപോയ ബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകൾ (Piprahwa Relics) ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ച് കേന്ദ്രസർക്കാർ. ഡൽഹിയിലെ റായ് പിത്തോറ സാംസ്കാരിക സമുച്ചയത്തിൽ നടന്ന രാജ്യാന്തര പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു.
ഭാരതീയ നാഗരികതയുടെ അവിഭാജ്യ ഘടകമായ ഈ ശേഷിപ്പുകൾ വെറും പുരാവസ്തുക്കളല്ല, മറിച്ച് നമ്മുടെ സാംസ്കാരിക സ്വത്വത്തിന്റെ ഭാഗമാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി.അടിമത്തം നമ്മുടെ പൈതൃകത്തെ തകർത്തു. ബുദ്ധന്റെ ശേഷിപ്പുകൾ പോലും രാജ്യാന്തര വിപണിയിൽ ലേലത്തിന് വെയ്ക്കപ്പെട്ടു. എന്നാൽ ഭാരതത്തെ സംബന്ധിച്ചിടത്തോളം ഇവ കേവലം വിദേശ നാണ്യം നേടാനുള്ള വസ്തുക്കളല്ല, മറിച്ച് നമ്മുടെ പൈതൃകത്തിന്റെ ആത്മാവാണ്,” പ്രധാനമന്ത്രി പറഞ്ഞു.
2025 ജൂലൈയിൽ ഹോങ്കോങ്ങിലെ ഒരു ലേലത്തിൽ വിൽക്കാൻ വെച്ചിരുന്ന ഈ ശേഷിപ്പുകളെ കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇടപെട്ട് തടയുകയായിരുന്നു. ഗോദ്‌റെജ് ഗ്രൂപ്പിന്റെ സഹകരണത്തോടെ ഇവ ഇന്ത്യയിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കുകായിരുന്നു.
ബുദ്ധന്റെ ഉപദേശങ്ങൾ ലോകത്തിന് പകർന്നു നൽകിയ പാലി ഭാഷയ്ക്ക് മോദി സർക്കാർ ‘ക്ലാസിക്കൽ’ പദവി നൽകിയത് പൈതൃകത്തോടുള്ള ആദരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ വഡ്നഗർ ഉൾപ്പെടെയുള്ള ഇടങ്ങളിൽ നിന്ന് ആയിരക്കണക്കിന് ബുദ്ധമത ശേഷിപ്പുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ഇന്ന് അവയെല്ലാം സംരക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ബുദ്ധമത തീർത്ഥാടകർക്കായി കുശിനഗർ വിമാനത്താവളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വികസിപ്പിക്കുന്നത് ‘പാരമ്പര്യവും വികസനവും’) എന്ന സർക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ വാരണാസിയിലെ സാരാനാഥിലാണ് ബുദ്ധൻ ആദ്യമായി ധർമ്മപ്രഭാഷണം നടത്തിയതെന്നത് തന്റെ നിയോഗമാണെന്ന് മോദി കൂട്ടിച്ചേർത്തു













Discussion about this post