സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങിയതോടെ ഇറാൻ കടുത്ത രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. തകർന്നടിയുന്ന സമ്പദ്‌വ്യവസ്ഥയ്ക്കും കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനുമെതിരെ രാജ്യം ഉടനീളം പ്രതിഷേധം പടരുന്നതിനിടെ, പ്രക്ഷോഭകാരികൾക്ക് മുന്നറിയിപ്പുമായി പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി രംഗത്തെത്തി. രാജ്യം ശത്രുക്കൾക്ക് മുന്നിൽ കീഴടങ്ങില്ലെന്നും കലാപകാരികളെ നിലയ്ക്കു നിർത്തുമെന്നും ഖമേനി വ്യക്തമാക്കി.
കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച പ്രതിഷേധം ഇതിനകം 22 പ്രവിശ്യകളിലേക്ക് പടർന്നു കഴിഞ്ഞു. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ ഇതുവരെ പത്തിലധികം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
പ്രക്ഷോഭകാരികളുടെ സാമ്പത്തിക പരാതികൾ ന്യായമാണെന്ന് ഖമേനി തന്റെ പ്രസംഗത്തിൽ സമ്മതിച്ചു. “വ്യാപാരികൾ പറയുന്നത് ശരിയാണ്, ഈ സാഹചര്യത്തിൽ കച്ചവടം മുന്നോട്ട് കൊണ്ടുപോകാൻ അവർക്ക് കഴിയില്ല,” അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിന്റെ മറവിൽ അക്രമം അഴിച്ചുവിടുന്നവരെ വച്ചുപൊറുപ്പിക്കില്ലെന്നും അത് ശത്രുരാജ്യങ്ങളുടെ അജണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ പ്രവിശ്യകളിലാണ് ഏറ്റുമുട്ടൽ രൂക്ഷം. ഇതിനകം നൂറുകണക്കിന് ആളുകളെ സുരക്ഷാ സേന തടവിലാക്കിയിട്ടുണ്ട്
ഇറാനിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും പ്രതിഷേധക്കാരെ അടിച്ചമർത്തിയാൽ സൈനികമായി ഇടപെടാൻ അമേരിക്ക തയ്യാറാണെന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. “അമേരിക്ക ലോക്ക്ഡ് ആൻഡ് ലോഡഡ് (Locked and Loaded) ആണ്, ഏത് നിമിഷവും ഇടപെടാൻ സജ്ജമാണ്,” എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് മേഖലയിൽ വൻ യുദ്ധഭീതിയാണ് പടർത്തുന്നത്.











Discussion about this post