ന്യൂഡൽഹി : 2020 ഫെബ്രുവരിയിൽ 53 പേർ കൊല്ലപ്പെടുകയും 700 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി കലാപക്കേസിന്റെ മുഖ്യസൂത്രധാരൻമാർക്ക് ജാമ്യം നിഷേധിച്ച് സുപ്രീംകോടതി. ഗൂഢാലോചന കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റുകളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ആണ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമപ്രകാരം ഇവർ പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് കോടതി വിലയിരുത്തി.
വിചാരണയിലെ കാലതാമസവും ദീർഘകാലമായി ജയിലിൽ കഴിയുന്നതും ജാമ്യത്തിനുള്ള കാരണം ആകില്ലെന്ന് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കി. വിചാരണ നീണ്ടുപോകുന്നു എന്നുള്ള കാരണം തുറുപ്പുചീട്ടായി ഉപയോഗിക്കാനാവില്ലെന്നും കോടതി അറിയിച്ചു. ഡൽഹി കലാപക്കേസിലെ മറ്റ് പ്രതികളിൽ നിന്ന് വ്യത്യസ്തമായ നിലപാടാണ് ഉമർ ഖാലിദും ഷർജീൽ ഇമാമും സ്വീകരിക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിരുന്ന മറ്റ് അഞ്ച് ആക്ടിവിസ്റ്റുകൾക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.
ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരായ കുറ്റങ്ങൾ ഗുരുതരമാണെന്നും യുഎപിഎയിൽ പറഞ്ഞിരിക്കുന്ന വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്നും ജസ്റ്റിസുമാരായ അരവിന്ദ് കുമാറും എൻവി അഞ്ജരിയയും അടങ്ങുന്ന ബെഞ്ച് പ്രസ്താവിച്ചു. അതിനാൽ, വിചാരണയിലെ കാലതാമസം ജാമ്യത്തിന് സാധുവായ കാരണമായി കണക്കാക്കാനാവില്ല. 2025 ഡിസംബർ 10-ന് എല്ലാ പ്രതികളുടെയും ജാമ്യാപേക്ഷയിൽ വാദം കേട്ട ശേഷം സുപ്രീം കോടതി വിധി പറയുന്നത് മാറ്റിവെച്ചിരിക്കുകയായിരുന്നു. തുടർന്നാണ് ഇന്ന് ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ജാമ്യം നിഷേധിക്കുന്നതായി കോടതി വിധിച്ചത്.









Discussion about this post