വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ പ്രത്യേക സേന തട്ടിക്കൊണ്ടുപോയ നടപടിയിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ വൻ പ്രതിഷേധം. സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, അമേരിക്കയുടെ പേരെടുത്ത് പറയാതെ ‘ഗുണ്ടായിസം’ എന്നാണ് ഈ നടപടിയെ വിശേഷിപ്പിച്ചത്. ലോകത്തിന്റെ ക്രമസമാധാനം പാലിക്കാൻ തങ്ങൾക്ക് മാത്രമാണ് അവകാശമെന്ന അമേരിക്കയുടെ ധാർഷ്ട്യം ഇനി നടക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
‘ജഡ്ജിയും പോലീസും ആകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’ വെനിസ്വേലയിലെ നാടകീയമായ സൈനിക നീക്കത്തിന് ശേഷം കണ്ണുകെട്ടി വിലങ്ങുവെച്ച നിലയിലുള്ള മഡുറോയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതിനോടാണ് ചൈന രൂക്ഷമായി പ്രതികരിച്ചത്.
“ഒരു രാജ്യത്തിനും ലോകത്തിന്റെ പോലീസാകാൻ അവകാശമില്ല. ഏതെങ്കിലും ഒരു രാജ്യം ലോകത്തിന്റെ ജഡ്ജിയാണെന്ന അവകാശവാദം ഞങ്ങൾ അംഗീകരിക്കില്ല. അന്താരാഷ്ട്ര നിയമപ്രകാരം എല്ലാ രാജ്യങ്ങളുടെയും പരമാധികാരവും സുരക്ഷയും സംരക്ഷിക്കപ്പെടണം.” – വാങ് യി വ്യക്തമാക്കി.
നിലവിൽ ന്യൂയോർക്കിലെ തടങ്കൽ പാളയത്തിലുള്ള മഡുറോയെ മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും.
മഡുറോയുടെ തടവിലാക്കൽ ചൈനയെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടിയാണ്. വെനിസ്വേലയുമായി ‘ഏത് കാലാവസ്ഥയിലും നിലനിൽക്കുന്ന തന്ത്രപരമായ പങ്കാളിത്തം’ ചൈനയ്ക്കുണ്ട്. അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും വെനിസ്വേലയുടെ സാമ്പത്തിക നട്ടെല്ലായി നിന്നത് ചൈനയാണ്. 2024-ൽ മാത്രം 1.6 ബില്യൺ ഡോളറിന്റെ സാധനങ്ങളാണ് ചൈന വെനിസ്വേലയിൽ നിന്ന് വാങ്ങിയത്. ഇതിൽ പകുതിയും ക്രൂഡ് ഓയിൽ ആയിരുന്നു.
അറസ്റ്റിന് തൊട്ടുമുൻപ് പോലും ചൈനീസ് പ്രതിനിധി ക്യു സിയാവോക്കിയുമായി മഡുറോ കൂടിക്കാഴ്ച നടത്തിയിരുന്നു. അമേരിക്കൻ നീക്കത്തിലൂടെ തങ്ങളുടെ വിശ്വസ്തനായ ഒരു സുഹൃത്തിനെയാണ് ചൈനയ്ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്.









Discussion about this post