വാഷിംഗ്ടൺ : വെനിസ്വേലൻ ആക്രമണത്തിന് ശേഷം യുഎസ് അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗ്രീൻലാൻഡിനെ ആണെന്ന് വ്യക്തമായ സൂചന നൽകി ഡൊണാൾഡ് ട്രംപ്. മഞ്ഞുമൂടിയ ആർട്ടിക് ദ്വീപായ ഗ്രീൻലാൻഡ് ഡെൻമാർക്കിൽ നിന്ന് ഏറ്റെടുക്കുന്നതിനെ കുറിച്ച് 2025-ൽ അധികാരമേറ്റതിനുശേഷം, ട്രംപ് ആവർത്തിച്ച് സൂചന നൽകിയിട്ടുണ്ട്. നിർണായകമായ ധാതുക്കളുടെ സമൃദ്ധിയും തന്ത്രപ്രധാനമായ സ്ഥാനവും കണക്കിലെടുത്ത് ഗ്രീൻലാൻഡ് പിടിച്ചെടുക്കേണ്ടത് ദേശീയ സുരക്ഷാ ആവശ്യമാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്.
ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും വർദ്ധിച്ചുവരുന്ന പ്രവർത്തനങ്ങൾ കാരണം യുഎസിനെ സംബന്ധിച്ച് ഗ്രീൻലാൻഡ് വളരെ പ്രധാനപ്പെട്ടതാണെന്ന് ട്രംപ് സൂചിപ്പിക്കുന്നു. നിലവിൽ റഷ്യൻ, ചൈനീസ് കപ്പലുകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ഗ്രീൻലാൻഡ് എന്നുള്ളത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്നാണ് ട്രംപിന്റെ വാദം. ഗ്രീൻലാൻഡ് എന്ന ആർട്ടിക് ദ്വീപ് ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ ഭാഗമാണ്. എന്നിരുന്നാലും, ഇത് ഡെൻമാർക്ക് രാജ്യത്തിന് കീഴിലുള്ള ഒരു സ്വയംഭരണ പ്രദേശമാണ്. രാഷ്ട്രീയമായി യൂറോപ്പുമായി ബന്ധപ്പെട്ടിരിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ സ്വയംഭരണാധികാരമുള്ള രാജ്യവുമാണ്. സമീപ വർഷങ്ങളിൽ, അപൂർവ ഭൂമി ധാതുക്കൾ, യുറേനിയം, ഇരുമ്പ് എന്നിവയുടെ ഖനനം ഉൾപ്പെടെയുള്ള ഗ്രീൻലാൻഡിലെ പ്രകൃതിവിഭവങ്ങളിൽ യുഎസ് വലിയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.
രണ്ടാം ലോകമഹായുദ്ധസമയത്ത്, ജർമ്മനി ഡെന്മാർക്കിന്റെ പ്രധാന ഭൂപ്രദേശം കൈവശപ്പെടുത്തി. ഇതിനെത്തുടർന്ന്, യുഎസ് ഗ്രീൻലാൻഡ് ആക്രമിക്കുകയും മേഖലയിലുടനീളം സൈനിക, റേഡിയോ സ്റ്റേഷനുകൾ സ്ഥാപിക്കുകയും ചെയ്തു. യുദ്ധത്തിനുശേഷവും യുഎസ് സൈന്യം ഗ്രീൻലാൻഡിൽ തുടർന്നു , റഷ്യയ്‌ക്കെതിരായ ഏറ്റവും വലിയ പ്രതിരോധ കേന്ദ്രമായാണ് യുഎസ് ഗ്രീൻലാൻഡിനെ കണക്കാക്കുന്നത്. 1951-ൽ ഡെൻമാർക്കുമായുള്ള ഒരു പ്രതിരോധ കരാർ ഈ മേഖലയിൽ സൈനിക താവളങ്ങൾ നിർമ്മിക്കാനും പരിപാലിക്കാനുമുള്ള അവകാശം യുഎസിന് നൽകി. ഗ്രീൻലാൻഡിലെ, മുമ്പ് തുലെ വിമാനത്താവളം എന്നറിയപ്പെട്ടിരുന്ന പിറ്റുഫിക് സ്‌പേസ് ബേസും യുഎസ് ആണ് പ്രവർത്തിപ്പിച്ചുവരുന്നത്. റഷ്യയുമായി ഏതെങ്കിലും രീതിയിലുള്ള സംഘർഷം ഉണ്ടായാൽ റഷ്യയിലേക്ക് ആക്രമണം നടത്തുന്നത് ലക്ഷ്യമിട്ടാണ് ഗ്രീൻലാൻഡിലെ ഈ കേന്ദ്രങ്ങൾ യുഎസ് തങ്ങളുടെ നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. ചൈനയും റഷ്യയും സമീപ വർഷങ്ങളിൽ ആർട്ടിക് മേഖലയിൽ തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതാണ് ഗ്രീൻലാൻഡിൽ പൂർണ അധികാരം എന്ന ലക്ഷ്യത്തിലേക്ക് നീങ്ങാൻ ട്രംപിനെ പ്രേരിപ്പിക്കുന്നത്.









Discussion about this post