വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് മുൻപുള്ള അവസാന ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകൻ’ റിലീസിന് മുൻപേ റെക്കോർഡുകൾ ഭേദിക്കുന്നു. പൊങ്കൽ റിലീസായി ജനുവരി 9-ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന് ബംഗളൂരുവിൽ വൻ തുകയാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. ചില തിയേറ്ററുകളിൽ പുലർച്ചെയുള്ള സ്പെഷ്യൽ ഷോകൾക്ക് ടിക്കറ്റ് നിരക്ക് 2000 രൂപ വരെ ഉയർന്നിരിക്കുകയാണ്.
ബംഗളൂരുവിൽ ടിക്കറ്റിന് തീപിടിച്ച വില കർണാടകയിൽ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചതോടെ ടിക്കറ്റുകൾ മിനിറ്റുകൾക്കുള്ളിൽ വിറ്റുപോയി. ബംഗളൂരുവിലെ മുകുന്ദ തിയേറ്ററിൽ പുലർച്ചെ 6:30-നുള്ള ഷോയ്ക്ക് 1800 മുതൽ 2000 രൂപ വരെയാണ് നിരക്ക്. ബുക്ക് മൈ ഷോ വഴി ലഭ്യമായ മിക്കവാറും മോണിംഗ് ഷോകളുടെ ടിക്കറ്റുകൾ ഇതിനോടകം തന്നെ വിറ്റഴിക്കപ്പെട്ടു. സ്വാഗത് ശങ്കർ നാഗ്, ശ്രീ വിനായക, ഗോപാലൻ ഗ്രാൻഡ് മാൾ തുടങ്ങി പ്രമുഖ തിയേറ്ററുകളിലെല്ലാം 1000 രൂപയ്ക്കും 1500 രൂപയ്ക്കും ഇടയിലാണ് ടിക്കറ്റ് വില. ഏറ്റവും കുറഞ്ഞ നിരക്ക് ചില തിയേറ്ററുകളിൽ 800 രൂപയാണ്. 9:30-നും 10-നുമുള്ള ഷോകൾക്ക് 300 മുതൽ 800 രൂപ വരെയാണ് ഈടാക്കുന്നത്.
അതേസമയം കേരളത്തിൽ കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ടിക്കറ്റ് നിരക്ക് താരതമ്യേന കുറവാണ്. കൊച്ചിയിൽ ടിക്കറ്റ് നിരക്ക് പരമാവധി 350 രൂപ വരെയാണ്. ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് കർണാടകയിലും കേരളത്തിലും വിദേശ രാജ്യങ്ങളിലും സജീവമാണെങ്കിലും തമിഴ്‌നാട്ടിൽ ടിക്കറ്റ് വിതരണം ഇതുവരെ ആരംഭിച്ചിട്ടില്ല. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ താമസമാണ് ഇതിന് പിന്നിലെന്നാണ് സൂചന. ചിത്രത്തിൽ ചില മാറ്റങ്ങൾ വരുത്താൻ സെൻസർ ബോർഡ് നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. സർട്ടിഫിക്കേഷൻ വൈകുന്നത് തിയേറ്റർ ഉടമകളെയും ആരാധകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
വിജയുടെ അവസാന ചിത്രം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മമിത ബൈജുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ എന്നിവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. വിജയുടെ രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ രൂപീകരണത്തിന് ശേഷം റിലീസ് ചെയ്യുന്ന അവസാന ചിത്രം കൂടിയാണിത്. 2023-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ‘ഭഗവന്ത് കേസരി’യുടെ റീമേക്കാണ് ‘ജനനായകൻ’ എന്നും അഭ്യൂഹങ്ങളുണ്ട്.
തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ബോക്സ് ഓഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. വിജയ് തന്റെ അവസാന സിനിമ എന്ന നിലയിൽ ഇതിനെ എങ്ങനെ ആരാധകർ ഏറ്റെടുക്കും എന്നത് ആകാംക്ഷയോടെയാണ് സിനിമാ പ്രേമികൾ നോക്കിക്കാണുന്നത്.









Discussion about this post