മുംബൈ: ആദിത്യ ധർ സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം ‘ധുരന്ധർ’ തീയേറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ ആഗോളതലത്തിൽ ശ്രദ്ധേയനായിരിക്കുകയാണ് ബഹ്‌റൈനി റാപ്പർ ഫ്ലിപ്പറാച്ചി. ചിത്രത്തിൽ അക്ഷയ് ഖന്നയുടെ മാസ് എൻട്രി സീനിലുള്ള ‘ഫാസ്‌ല എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് താരവും ശ്രദ്ധ നേടുന്നത്.
ജീവിതം മാറ്റിമറിച്ച വിജയമെന്നാണ് ഈ നേട്ടത്തെ താരം തന്നെ വിലയിരുത്തുന്നത്. ഒരു സ്വതന്ത്ര ഹിപ്-ഹോപ്പ് ട്രാക്കായി റിലീസ് ചെയ്ത ‘FA9LA’ ഇത്ര വലിയ തരംഗമാകുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ഫ്ലിപ്പറാച്ചി പറയുന്നു.
“സിനിമ ഈ ഗാനം ഏറ്റെടുത്തു എന്നതേ ഓർമ്മയുള്ളൂ, ബാക്കിയെല്ലാം ചരിത്രമാണ്. ഇന്ത്യയിലെ പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്ന സ്നേഹം അവിശ്വസനീയമാണ്. വരികൾ അറബിയിലാണെങ്കിലും ആ സംഗീതത്തിന്റെ താളം അവർ ഏറ്റെടുത്തു കഴിഞ്ഞു.” – ഫ്ലിപ്പറാച്ചി വ്യക്തമാക്കി.
തബലയുടെ അകമ്പടിയോടെയുള്ള അറബിക് ഹിപ്-ഹോപ്പ് സംഗീതമാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഇൻസ്റ്റാഗ്രാം റീലുകളിലും മീമുകളിലും ഇപ്പോൾ ഈ ഗാനം നിറഞ്ഞുനിൽക്കുകയാണ്. തന്റെ ഇൻബോക്സ് ആരാധകരുടെ സന്ദേശങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും എല്ലാവർക്കും മറുപടി നൽകാൻ പോലും കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രത്തിൽ ‘റഹ്മാൻ ഡക്കൈറ്റ്’ എന്ന കഥാപാത്രമായാണ് അക്ഷയ് ഖന്ന എത്തുന്നത്. ഈ ഗാനത്തിനൊപ്പം അക്ഷയ് ഖന്ന നടത്തുന്ന സ്വാഭാവികമായ നൃത്തച്ചുവടുകൾ ഗാനത്തിന്റെ ജനപ്രീതി വർധിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. ബോളിവുഡിലെ തന്നെ ഏറ്റവും മികച്ച വില്ലൻ ഇൻട്രോകളിൽ ഒന്നായിട്ടാണ് സിനിമാ പ്രേമികൾ ഇതിനെ വിലയിരുത്തുന്നത്.
ഡിസംബർ 5-ന് റിലീസ് ചെയ്ത ‘ധുരന്ധർ’ ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ആഗോളതലത്തിൽ വലിയ സാമ്പത്തിക വിജയം കൈവരിച്ചു കഴിഞ്ഞു. ഇന്ത്യയിൽ മാത്രം 430 കോടി രൂപയിലധികം ചിത്രം സമാഹരിച്ചു. രൺവീർ സിംഗ്, അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിലുള്ളത്.













Discussion about this post