ഐപിഎൽ 2026-ന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് ടീമിന്റെ പുതിയ സോഷ്യൽ മീഡിയ പോസ്റ്റ്. സഞ്ജു സാംസൺ ടീം വിട്ട സാഹചര്യത്തിൽ, രവീന്ദ്ര ജഡേജ രാജസ്ഥാൻ റോയൽസിന്റെ നായകസ്ഥാനം ഏറ്റെടുത്തേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
നീണ്ട കാലത്തെ ബന്ധത്തിന് ശേഷം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ടപ്പോൾ പകരമായി ചെന്നൈയിൽ നിന്ന് ജഡേജ, സാം കരൺ തുടങ്ങിയവർ രാജസ്ഥാനിലെത്തിയിരുന്നു. 2008-ൽ രാജസ്ഥാൻ റോയൽസിനൊപ്പം കരിയർ തുടങ്ങിയ താരമാണ് രവീന്ദ്ര ജഡേജ. ‘റോക്ക്സ്റ്റാർ’ എന്ന് ഷെയ്ൻ വാർൺ വിശേഷിപ്പിച്ച ജഡേജ തന്റെ പഴയ തട്ടകത്തിലേക്ക് നായകനായി തിരിച്ചെത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
രാജസ്ഥാൻ റോയൽസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വന്ന ചില പോസ്റ്റുകൾ ജഡേജയുടെ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നതാണെന്ന് ആരാധകർ വിലയിരുത്തുന്നു. രാജസ്ഥാൻ റോയൽസ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയയിൽ ജഡേജയുടെ ഫോട്ടോ പോസ്റ്റ് ചെയ്തതോടെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമായി. “Soon Thalapathy” എന്നായിരുന്നു അടിക്കുറിപ്പ്. തമിഴിൽ ‘ദളപതി’ എന്നാൽ നേതാവ് അല്ലെങ്കിൽ കമാൻഡർ എന്നാണ് അർത്ഥമാക്കുന്നത്.
ജഡേജ പുതിയ ക്യാപ്റ്റനായി ചുമതലയേൽക്കുമോ എന്ന കാര്യത്തിൽ ആരാധകർക്കിടയിൽ ഒരു കൊടുങ്കാറ്റിന് കാരണമായ ഈ ഹ്രസ്വവും കൗതുകകരവുമായ സന്ദേശം. ഈ സാഹചര്യത്തിലും, ഫ്രാഞ്ചൈസി ക്യാപ്റ്റൻസിയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.













Discussion about this post