ഗ്രീൻലാൻഡ് പിടിച്ചെടുക്കും എന്നുള്ള ഭീഷണികൾ അവസാനിപ്പിക്കണം എന്ന് ട്രംപിനോട് ആവശ്യമുന്നയിച്ച് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ. അമേരിക്കയ്ക്ക് ആ പ്രദേശം തീർച്ചയായും ആവശ്യമാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഡാനിഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. രാഷ്ട്രങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്തിലും അന്താരാഷ്ട്ര നിയമത്തിലും അധിഷ്ഠിതമായിരിക്കണമെന്നും ഡാനിഷ് പ്രധാനമന്ത്രി സൂചിപ്പിച്ചു
“ഡെൻമാർക്കും ഗ്രീൻലാൻഡും നാറ്റോയുടെ ഭാഗമാണ്. തൽഫലമായി, സഖ്യത്തിന്റെ സുരക്ഷാ ഗ്യാരണ്ടിയിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ഡെൻമാർക്കും അമേരിക്കയും തമ്മിൽ ഇതിനകം തന്നെ ഒരു പ്രതിരോധ കരാർ ഉണ്ട്, അത് യുണൈറ്റഡ് സ്റ്റേറ്റ്സിന് ഗ്രീൻലാൻഡിലേക്ക് വിപുലമായ പ്രവേശനം നൽകുന്നു.ഈ അടിസ്ഥാനത്തിൽ, ചരിത്രപരമായി അടുത്ത സഖ്യകക്ഷിയായ ഒരു രാജ്യത്തിനും ജനങ്ങൾക്കും എതിരെ ഭീഷണികൾ ഉയർത്തുന്നത് നിർത്താൻ ഞാൻ യുണൈറ്റഡ് സ്റ്റേറ്റ്സിനോട് അഭ്യർത്ഥിക്കുന്നു,” എന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി വ്യക്തമാക്കി.
ഗ്രീൻലാൻഡ് ഡെൻമാർക്കിൽ നിന്ന് ഏറ്റെടുക്കുന്നതിനെ കുറിച്ച് 2025-ൽ അധികാരമേറ്റതിനുശേഷം, ട്രംപ് ആവർത്തിച്ച് സൂചന നൽകിയിട്ടുണ്ട്. നിർണായകമായ ധാതുക്കളുടെ സമൃദ്ധിയും തന്ത്രപ്രധാനമായ സ്ഥാനവും കണക്കിലെടുത്ത് ഗ്രീൻലാൻഡ് പിടിച്ചെടുക്കേണ്ടത് ദേശീയ സുരക്ഷാ ആവശ്യമാണെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. ആർട്ടിക് മേഖലയിൽ റഷ്യയുടെയും ചൈനയുടെയും വർദ്ധിച്ചുവരുന്ന പ്രവർത്തനങ്ങൾ കാരണം യുഎസിനെ സംബന്ധിച്ച് ഗ്രീൻലാൻഡ് വളരെ പ്രധാനപ്പെട്ടതാണെന്നും ട്രംപ് സൂചിപ്പിച്ചു.
നിലവിൽ റഷ്യൻ, ചൈനീസ് കപ്പലുകളാൽ ചുറ്റപ്പെട്ട സ്ഥലമാണ് ഗ്രീൻലാൻഡ് എന്നുള്ളത് അമേരിക്കയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നു എന്നാണ് ട്രംപിന്റെ വാദം. ഗ്രീൻലാൻഡ് എന്ന ആർട്ടിക് ദ്വീപ് ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ ഭാഗമാണ്. എന്നിരുന്നാലും, ഇത് ഡെൻമാർക്ക് രാജ്യത്തിന് കീഴിലുള്ള ഒരു സ്വയംഭരണ പ്രദേശമാണ്. രാഷ്ട്രീയമായി യൂറോപ്പുമായി ബന്ധപ്പെട്ടിരിക്കുകയും ആഭ്യന്തര കാര്യങ്ങളിൽ സ്വയംഭരണാധികാരമുള്ള രാജ്യവുമാണ്. സമീപ വർഷങ്ങളിൽ, അപൂർവ ഭൂമി ധാതുക്കൾ, യുറേനിയം, ഇരുമ്പ് എന്നിവയുടെ ഖനനം ഉൾപ്പെടെയുള്ള ഗ്രീൻലാൻഡിലെ പ്രകൃതിവിഭവങ്ങളിൽ യുഎസ് വലിയ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട്.











Discussion about this post