ധാക്ക : ബംഗ്ലാദേശിൽ കൊല്ലപ്പെട്ട നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നിൽ ഛാത്ര ലീഗ് ആണെന്ന് ബംഗ്ലാദേശ് പോലീസിന്റെ കുറ്റപത്രം. രാഷ്ട്രീയ പകപോക്കൽ ആയിരുന്നു ഹാദിയുടെ കൊലപാതകം എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കേസിൽ 17 പ്രതികളാണ് ഉള്ളത്. ബംഗ്ലാദേശിൽ സംഘർഷങ്ങളും പ്രതിഷേധങ്ങളും തുടരുന്ന സാഹചര്യത്തിലാണ് പോലീസ് അതിവേഗത്തിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിയുടെ വിദ്യാർത്ഥി വിഭാഗമാണ് ഛാത്ര ലീഗ്. പ്രതികളുടെ രാഷ്ട്രീയ വ്യക്തിത്വവും ഇരയുടെ മുൻകാല രാഷ്ട്രീയ പ്രസ്താവനകളും കണക്കിലെടുക്കുമ്പോൾ, രാഷ്ട്രീയ പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. വെടിവച്ചതായി ആരോപിക്കപ്പെടുന്ന ഫൈസൽ കരീം മസൂദിന് ഛത്ര ലീഗുമായി നേരിട്ട് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു. മറ്റൊരു പ്രതിയായ ഛാത്ര ലീഗ് പ്രാദേശിക പ്രസിഡന്റ് തൈജുൽ ഇസ്ലാം ചൗധരി ബാപ്പി, വെടിവച്ചയാളെയും മറ്റൊരു പ്രധാന പ്രതിയെയും രക്ഷപ്പെടാൻ സഹായിച്ചതായും പോലീസ് സൂചിപ്പിച്ചു.
ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ ബഹുജന പ്രതിഷേധങ്ങളിലൂടെ ദേശീയ ശ്രദ്ധയിലേക്ക് ഉയർന്നുവന്ന 32 കാരനായ ഇങ്ക്വിലാബ് മോഞ്ചോ നേതാവാണ് ഷെരീഫ് ഒസ്മാൻ ഹാദി. ഡിസംബർ 12 ന് ധാക്കയിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബൈക്കിലെത്തിയ അജ്ഞാതരുടെ ആക്രമണത്തിൽ അദ്ദേഹത്തിന്റെ തലയ്ക്ക് വെടി ഏൽക്കുകയും സിംഗപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.









Discussion about this post