തെരുവുനായകൾ കടിക്കാനുള്ള മൂഡിലാണോ എന്ന് തിരിച്ചറിയാൻ മാർഗമില്ലെന്ന സുപ്രീം കോടതിയുടെ പരാമർശത്തിനെതിരെ മുൻ എംപിയും നടിയുമായ ദിവ്യ സ്പന്ദന. ഒരു പുരുഷന്റെ മനസ്സ് വായിക്കാനും ആർക്കും കഴിയില്ലെന്നും, എപ്പോഴാണ് അയാൾ ബലാത്സംഗം ചെയ്യുകയെന്ന് അറിയാത്തതുകൊണ്ട് എല്ലാ പുരുഷന്മാരെയും ജയിലിലടയ്ക്കണോ എന്നും ദിവ്യ സ്പന്ദന ഇൻസ്റ്റാഗ്രാമിലൂടെ ചോദിച്ചു.
തെരുവുനായ ശല്യം സംബന്ധിച്ച കേസ് പരിഗണിക്കവേ ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അൻജാരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് മൃഗസ്നേഹികളെ പരിഹസിച്ച് സംസാരിച്ചത്. തെരുവുനായകളെ വന്ധ്യംകരിച്ച് വിട്ടയച്ചാൽ മതിയെന്ന വാദത്തോടായിരുന്നു കോടതിയുടെ പ്രതികരണം. “നായകൾ എന്ത് മൂഡിലാണെന്ന് തിരിച്ചറിയാൻ കഴിയില്ല. വന്ധ്യംകരിച്ച ശേഷം തുറന്നുവിടുമ്പോൾ മനുഷ്യരെ കടിക്കരുതെന്ന് വേണമെങ്കിൽ നായകൾക്ക് കൗൺസിലിംഗ് നൽകാം. അതുകൂടിയേ ഇനി ബാക്കിയുള്ളൂ,” എന്നായിരുന്നു കോടതിയുടെ പരിഹാസം. തനിക്കും സഹപ്രവർത്തകർക്കും നേരിട്ട അനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടാണ് കോടതി വിഷയം ഗൗരവകരമാണെന്ന് വ്യക്തമാക്കിയത്. നടക്കാൻ ഇറങ്ങുമ്പോൾ നായ്ക്കൾ ഭീഷണിയാണെന്നും കടിയേറ്റവരിൽ ജഡ്ജിമാരുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
കോടതിയുടെ ഈ പരാമർശത്തിനെതിരെയാണ് ദിവ്യ സ്പന്ദന രംഗത്തെത്തിയത്. “ഒരു പുരുഷന്റെ മനസ്സ് വായിക്കാൻ പറ്റില്ല, എപ്പോഴാണ് അയാൾ ബലാത്സംഗം ചെയ്യുകയോ കൊലപാതകം ചെയ്യുകയോ ചെയ്യുക എന്ന് അറിയില്ല, അതുകൊണ്ട് എല്ലാ പുരുഷന്മാരെയും പിടിച്ച് ജയിലിൽ ഇടണോ?” എന്നതായിരുന്നു താരത്തിന്റെ കുറിപ്പ്. മൃഗസ്നേഹിയായ ദിവ്യ ഇതിനുമുമ്പും തെരുവുനായ്ക്കൾക്കെതിരെയുള്ള കർശന നടപടികൾക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്.
മൃഗസ്നേഹികൾക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ശാസ്ത്രീയമായ വന്ധ്യംകരണ രീതികളെക്കുറിച്ച് വാദിച്ചെങ്കിലും കോടതി അത് തള്ളി. ഒരു കടുവ നരഭോജിയായാൽ ലോകത്തെ എല്ലാ കടുവകളെയും കൊല്ലാറില്ലല്ലോ എന്ന സിബലിന്റെ ചോദ്യത്തിന്, നായകളുടെ സ്വഭാവം പ്രവചനാതീതമാണെന്നായിരുന്നു കോടതിയുടെ മറുപടി. ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണെന്നും തെരുവുകൾ നായമുക്തമാക്കണമെന്നും കോടതി അധികൃതർക്ക് നിർദ്ദേശം നൽകി.












Discussion about this post