ഭാരതത്തിന്റെ ആത്മീയ ചൈതന്യവും ദേശീയ പ്രതാപവും വിളിച്ചോതുന്ന ചരിത്രനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ ഗുജറാത്തിലെ സോമനാഥ് ഒരുങ്ങുന്നു. ഭാരതത്തിലെ ആദ്യ ജ്യോതിർലിംഗമായ സോമനാഥ് ക്ഷേത്രത്തിൽ നടക്കുന്ന ‘സോമനാഥ് സ്വാഭിമാൻ പർവ്’ ആഘോഷങ്ങളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സോമനാഥിലെത്തും. ആയിരം വർഷം മുമ്പ് വിദേശ അക്രമി മഹ്മൂദ് ഗസ്നി ക്ഷേത്രം തകർത്തതിന്റെയും പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ ക്ഷേത്രം പുനഃപ്രതിഷ്ഠിച്ചതിന്റെയും ചരിത്ര സ്മരണകളുമായാണ് ഈ സന്ദർശനം.
1026-ൽ മഹ്മൂദ് ഗസ്നി നടത്തിയ ക്രൂരമായ ആക്രമണത്തിന് 1000 വർഷം തികയുന്ന വേളയിലാണ് ഈ ആഘോഷം നടക്കുന്നത്. ഭാരതീയ സംസ്കാരത്തെ ഇല്ലാതാക്കാൻ ശ്രമിച്ച അക്രമികൾക്ക് മുന്നിൽ പതറാതെ, ഓരോ തവണയും ഉയർത്തെഴുന്നേറ്റ സോമനാഥിന്റെ ചരിത്രം ദേശീയതയുടെ അടയാളമാണെന്ന് പ്രധാനമന്ത്രി തന്റെ ‘എക്സ്’ പോസ്റ്റിലൂടെ വ്യക്തമാക്കി. “അന്ന് നടന്ന കടന്നാക്രമണങ്ങൾക്കും നാശനഷ്ടങ്ങൾക്കും നമ്മുടെ അചഞ്ചലമായ വിശ്വാസത്തെ ഉലയ്ക്കാൻ കഴിഞ്ഞില്ല. പകരം, അത് ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തെ കൂടുതൽ ദൃഢമാക്കി,” മോദി കുറിച്ചു.
പ്രധാനമന്ത്രി അദ്ധ്യക്ഷനായ സോമനാഥ് ട്രസ്റ്റിന് കീഴിൽ ക്ഷേത്രം ഇന്ന് ഒരു സുവർണ്ണ യുഗത്തിലൂടെയാണ് കടന്നുപോകുന്നത്. 828 കോടിയുടെ ഹൈവേ, വന്ദേ ഭാരത് എക്സ്പ്രസ്, പുതിയ വിമാനത്താവളങ്ങൾ എന്നിവ വഴി ലോകത്തിന്റെ ഏത് കോണിൽ നിന്നുള്ള ഭക്തർക്കും സോമനാഥിലേക്ക് എത്തിച്ചേരാം. പ്രതിവർഷം ഒരു കോടിയോളം തീർത്ഥാടകരാണ് ഇന്ന് സോമനാഥിലെത്തുന്നത്. ക്ഷേത്ര പുനർനിർമ്മാണത്തിൽ സർദാർ വല്ലഭായ് പട്ടേലും ഡോ. രാജേന്ദ്ര പ്രസാദും വഹിച്ച പങ്ക് വാർത്തകളിൽ വീണ്ടും നിറയുന്നുണ്ട്. അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു എതിർത്തിട്ടും, ഡോ. രാജേന്ദ്ര പ്രസാദ് ഉറച്ചുനിന്നതുകൊണ്ടാണ് 1951-ൽ ക്ഷേത്രം വീണ്ടും തുറന്നതെന്ന് മോദി ഓർമ്മിപ്പിച്ചു.
ജനുവരി 8 മുതൽ 11 വരെ നീളുന്ന സ്വാഭിമാൻ പർവ്വിൽ 72 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓംകാര ജപവും സാംസ്കാരിക പരിപാടികളും നടക്കുന്നുണ്ട്. രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന വികസിത ഭാരതത്തിലേക്കുള്ള യാത്രയിൽ സോമനാഥ് ഒരു ഊർജ്ജ കേന്ദ്രമാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.












Discussion about this post