വിപണിയിൽ ലിസ്റ്റ് ചെയ്ത് ആഴ്ചകൾ പിന്നിടുമ്പോൾ മീഷോയുടെ ഉന്നത തലത്തിൽ അപ്രതീക്ഷിത മാറ്റം. കമ്പനിയുടെ ബിസിനസ് വിഭാഗം ചീഫ് എക്‌സ്പീരിയൻസ് ഓഫീസറായ മേഘ അഗർവാൾ സ്ഥാനം ഒഴിഞ്ഞു. ജനുവരി 7-നാണ് മേഘ രാജി സമർപ്പിച്ചത്. കഴിഞ്ഞ മാസം നടന്ന മീഷോയുടെ റെക്കോർഡ് ഐപിഒയ്ക്ക് പിന്നാലെ മുൻനിര നേതൃത്വത്തിൽ നിന്നുള്ള ആദ്യ കൊഴിഞ്ഞുപോക്കാണിത്. ആറ് വർഷത്തിലേറെയായി മീഷോയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച മേഘയുടെ രാജി ഓഹരി വിപണിയിലും ചലനങ്ങളുണ്ടാക്കി. വാർത്ത പുറത്തുവന്നതിന് പിന്നാലെ മീഷോയുടെ ഓഹരികൾ അഞ്ച് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.
ആരാണ് മേഘ അഗർവാൾ?
2019 സെപ്റ്റംബറിൽ മീഷോയിൽ ചേർന്ന മേഘ, കമ്പനിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ നേതൃപരമായ പങ്ക് വഹിച്ച വ്യക്തിയാണ്. ചീഫ് ഓഫ് സ്റ്റാഫ്, വൈസ് പ്രസിഡന്റ്, ജനറൽ മാനേജർ (യൂസർ ഗ്രോത്ത്) തുടങ്ങിയ തസ്തികകൾക്ക് ശേഷം 2023 ഒക്ടോബറിലാണ് സിഎക്‌സ്ഒ ആയി ചുമതലയേറ്റത്. ഐഐടി ഡൽഹിയിൽ നിന്ന് ബി.ടെകും, ഇൻസീഡിൽ (INSEAD) നിന്ന് എംബിഎയും പൂർത്തിയാക്കി. മീഷോയിലെത്തുന്നതിന് മുമ്പ് നോമുറ, എ.ടി. കിയർണി തുടങ്ങിയ ആഗോള സ്ഥാപനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ 2.29 കോടി രൂപയായിരുന്നു ഇവരുടെ വാർഷിക ശമ്പളം.
മേഘയുടെ രാജിയെത്തുടർന്ന് യൂസർ ഗ്രോത്ത് ആൻഡ് കണ്ടെന്റ് കൊമേഴ്‌സ് വിഭാഗം മേധാവി മിലൻ പർത്താനിക്ക് ബിസിനസ് വിഭാഗത്തിന്റെ കൂടി അധിക ചുമതല നൽകിയതായി കമ്പനി അറിയിച്ചു. മീഷോയുടെ വളർച്ചാ തന്ത്രങ്ങൾ ഏകോപിപ്പിക്കുന്നതിന് ഏകീകൃത കൊമേഴ്‌സ് പ്ലാറ്റ്‌ഫോം എന്ന രീതിയിലേക്ക് കമ്പനി മാറുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് റിപ്പോർട്ട്.
2025 ഡിസംബറിലായിരുന്നു മീഷോയുടെ ഐപിഒ നടന്നത്. ഒരു ഓഹരിക്ക് 111 രൂപ എന്ന നിലയിലാണ് വിപണിയിലെത്തിയത്. ഏകദേശം 5.6 ബില്യൺ ഡോളർ (ഏകദേശം 47,000 കോടി രൂപ) മൂല്യത്തിലാണ് കമ്പനി ലിസ്റ്റ് ചെയ്തത്. വിദിത് ആത്രേയും സഞ്ജീവ് കുമാറും ചേർന്ന് സ്ഥാപിച്ച മീഷോ, സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്ന ‘അസറ്റ്-ലൈറ്റ്’ മോഡലിലൂടെയാണ് ശ്രദ്ധേയമായത്












Discussion about this post