ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ജനകീയ പ്രക്ഷോഭം ആഞ്ഞടിക്കുന്നതിനിടെ രാജ്യത്ത് ഇൻ്റർനെറ്റ് നിരോധനം. മുൻ ഷാ ചക്രവർത്തിയുടെ മകൻ റെസാ പഹ്‌ലവിയുടെ ആഹ്വാനത്തെത്തുടർന്ന് ആയിരങ്ങൾ തെരുവിലിറങ്ങിയതോടെ, വ്യാഴാഴ്ച രാത്രിയോടെ ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങളും ടെലിഫോൺ ലൈനുകളും ഭരണകൂടം വിച്ഛേദിച്ചു.
വിലക്കയറ്റം, തൊഴിലില്ലായ്മ, മോശം ജീവിതസാഹചര്യങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ 12 ദിവസമായി ഇറാനിൽ പ്രക്ഷോഭം തുടരുന്നത്. വ്യാഴാഴ്ച രാത്രി 8 മണിക്ക് പ്രതിഷേധിക്കാൻ റെസാ പഹ്‌ലവി ആഹ്വാനം ചെയ്തതോടെ ടെഹ്‌റാനിലെ വീടുകളിൽ നിന്നും തെരുവുകളിൽ നിന്നും ജനങ്ങൾ കൂട്ടത്തോടെ പുറത്തിറങ്ങി. “ഏകാധിപതി തുലയട്ടെ”, “ഇസ്‌ലാമിക് റിപ്പബ്ലിക് അവസാനിക്കട്ടെ” തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് ജനങ്ങൾ പ്രതിഷേധിക്കുന്നത്. 1979-ലെ വിപ്ലവത്തിന് ശേഷം രാജ്യം വിട്ട ഷാ കുടുംബത്തിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടും ചിലയിടങ്ങളിൽ മുദ്രാവാക്യങ്ങൾ ഉയർന്നു.
പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാഗമായി ഇറാൻ ഭരണകൂടം രാജ്യവ്യാപകമായി ഡിജിറ്റൽ ബ്ലാക്ക്ഔട്ട് ഏർപ്പെടുത്തി. പ്രമുഖ ഇന്റർനെറ്റ് നിരീക്ഷണ ഏജൻസിയായ ‘നെറ്റ് ബ്ലോക്സ്’ ഇറാനിൽ ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും തടസ്സപ്പെട്ടതായി സ്ഥിരീകരിച്ചു. ലാൻഡ്‌ലൈൻ, മൊബൈൽ ഫോൺ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ തബ്‌രീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കം വിമാന സർവീസുകൾ നിർത്തിവെച്ചു.
ഇറാൻ ഭരണകൂടത്തിന്റെ നടപടിയെ റെസാ പഹ്‌ലവി ശക്തമായി അപലപിച്ചു. ഇറാനിലെ ജനങ്ങളെ പിന്തുണച്ച അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് അദ്ദേഹം നന്ദി അറിയിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്ന ജനങ്ങളെ കൊന്നൊടുക്കിയാൽ ഇറാനെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. “അവർ ജനങ്ങളെ കൊന്നുതുടങ്ങിയാൽ, അതിന് കനത്ത വില നൽകേണ്ടി വരും. അമേരിക്ക ശക്തമായി തിരിച്ചടിക്കുമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിലായി നടന്ന അക്രമങ്ങളിൽ ഇതുവരെ 39 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 2,260-ലധികം പേരെ സുരക്ഷാ സേന തടങ്കലിലാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ തിരിച്ചറിയാൻ ഡ്രോണുകൾ വിന്യസിക്കുമെന്ന് ഇറാനിലെ തീവ്ര നിലപാടുള്ള മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.













Discussion about this post