കോപെൻഹേഗൻ : ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി ഡെന്മാർക്ക് പ്രധാനമന്ത്രി. വെനിസ്വേല ആക്രമിച്ചത് പോലെ ഗ്രീൻലാൻഡിലേക്ക് വന്നാൽ നല്ല വെടി കൊള്ളുമെന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ മുന്നറിയിപ്പ് നൽകി. ആദ്യം വെടിയുണ്ട, പിന്നെ മാത്രം ചോദ്യം എന്നതായിരിക്കും പ്രതികരണം എന്നും മെറ്റ് ഫ്രെഡറിക്സെൻ പ്രതികരിച്ചു.
ഗ്രീൻലാൻഡ് പിടിച്ചെടുക്കാനുള്ള ഏതൊരു സൈനിക ശ്രമത്തെയും നാറ്റോ ഒന്നിച്ചു നേരിടുമെന്നും ഡാനിഷ് പ്രധാനമന്ത്രി അറിയിച്ചു. ഏതെങ്കിലും വിധത്തിലുള്ള ആക്രമണശ്രമങ്ങൾ ഉണ്ടായാൽ കമാൻഡർമാരുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ ഉത്തരവുകൾക്ക് കാത്തിരിക്കാതെ തന്നെ തിരികെ ആക്രമിക്കാൻ സൈനികർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും മെറ്റ് ഫ്രെഡറിക്സെൻ അറിയിച്ചു. ശീതയുദ്ധ കാലഘട്ടത്തിലെ 1952 ലെ നിർദ്ദേശപ്രകാരം , ഒരു വിദേശ സേന ഡാനിഷ് പ്രദേശത്തിന് ഭീഷണിയായാൽ കമാൻഡുകൾക്കായി കാത്തിരിക്കാതെ സൈന്യത്തിന് ദ്രുതഗതിയിൽ പ്രത്യാക്രമണം നടത്താൻ അധികാരം ഉണ്ടായിരിക്കുന്നതാണ്.
ഗ്രീൻലാൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ് ആവർത്തിച്ച് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഡാനിഷ് പ്രധാനമന്ത്രിയുടെ പ്രതികരണം. ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്ന് കഴിഞ്ഞ ദിവസവും ട്രംപ് സൂചിപ്പിച്ചിരുന്നു. റഷ്യയുടെയും ചൈനയുടെയും വർദ്ധിച്ചുവരുന്ന പ്രവർത്തനങ്ങളും റഷ്യൻ, ചൈനീസ് കപ്പലുകളുടെ സാന്നിധ്യവും മൂലം ഗ്രീൻലാൻഡ് യുഎസിന് ഒരു ദേശീയ സുരക്ഷാ ഭീഷണി ആണെന്നാണ് ട്രംപ് സൂചിപ്പിക്കുന്നത്.








