ന്യൂഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി നിശ്ചയിച്ചിട്ടുള്ള വേഗതയിൽ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകാനുള്ള പാതയിലാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ . കഴിഞ്ഞ പത്ത് വർഷം കൊണ്ട് രാജ്യം കൈവരിച്ച നേട്ടങ്ങൾ ഇന്ത്യയെ ഒരു സുരക്ഷിത പാതയിൽ എത്തിച്ചിരിക്കുകയാണ്. ഈ വേഗതയിൽ രാജ്യം മുന്നോട്ട് പോയാൽ, കാര്യമായ പുറം ഇടപെടലുകൾ ഇല്ലാതെ തന്നെ ഇന്ത്യ വികസിത രാഷ്ട്രമാകും.ഡൽഹിയിൽ നടന്ന ‘വികസിത് ഭാരത് യംഗ് ലീഡേഴ്സ് ഡയലോഗിൽ സംസാരിക്കുകയായിരുന്നു ഡോവൽ.
രാജ്യം വികസിക്കുമെന്ന കാര്യത്തിൽ സംശയമില്ല, എന്നാൽ വികസിത ഇന്ത്യയെ നയിക്കാൻ എത്രത്തോളം പ്രാപ്തിയുള്ള നേതാക്കളുണ്ടാകും എന്നതാണ് പ്രധാന ചോദ്യമെന്ന് അദ്ദേഹം യുവജനങ്ങളെ ഓർമ്മിപ്പിച്ചു. ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവും അവ നടപ്പിലാക്കാനുള്ള ആത്മവിശ്വാസവുമാണ് ഒരു നേതാവിന്റെ ഏറ്റവും വലിയ കരുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ നിലവിലെ യുദ്ധങ്ങളെയും സംഘർഷങ്ങളെയും കുറിച്ച് പരാമർശിച്ച അദ്ദേഹം, ഒരു രാജ്യത്തിന്റെ മനോവീര്യം തകർക്കാനാണ് യുദ്ധങ്ങൾ നടക്കുന്നതെന്ന് പറഞ്ഞു. ആത്മവീര്യവും മികച്ച നേതൃത്വവുമില്ലെങ്കിൽ ആയുധങ്ങൾക്കും വിഭവങ്ങൾക്കും വലിയ പ്രസക്തിയില്ലെന്നും ഡോവൽ വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷത്തിനുള്ളിൽ രാജ്യത്തെ ദ്രുതഗതിയിലുള്ള പുരോഗതിയുടെ പാതയിലേക്ക് എത്തിച്ച പ്രധാനമന്ത്രിയുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. വികസിത ഭാരതത്തിന്റെ ഭാവി യുവതലമുറയുടെ തീരുമാനമെടുക്കാനുള്ള കഴിവിനെയും മനോവീര്യത്തെയുമാണ് ആശ്രയിച്ചിരിക്കുന്നതെന്ന് അദ്ദേഹം തന്റെ പ്രസംഗത്തിലൂടെ അടിവരയിട്ടു.











Discussion about this post