ന്യൂഡൽഹി; പ്രാചീന ഭാരതത്തിന്റെ സമുദ്ര വ്യാപാര പാതകളിലൂടെ സഞ്ചരിച്ച് ആ പഴയ പ്രതാപം വീണ്ടെടുക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം ‘ഐ.എൻ.എസ്.വി. കൗണ്ഡിന്യ’. ആധുനിക സാങ്കേതികവിദ്യയല്ല, മറിച്ച് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള തദ്ദേശീയമായ നിർമ്മാണ രീതിയാണ് ഈ കപ്പലിനെ സവിശേഷമാക്കുന്നത്.
ആണികളോ ലോഹങ്ങളോ ഉപയോഗിക്കാതെ, മരപ്പലകകൾ കയറുകൾ കൊണ്ട് തുന്നിച്ചേർത്ത് നിർമ്മിക്കുന്ന രീതിയാണിത് കേരളത്തിലെ കെട്ടുവള്ളങ്ങളുടെ നിർമ്മാണ രീതിക്ക് സമാനമാണിത്. ഗോവയിലാണ് ഇത് നിർമ്മിച്ചത്. ഗുജറാത്തിലെ പോർബന്തറിൽ നിന്ന് ഒമാനിലെ മസ്കറ്റിലേക്കുള്ള 15 ദിവസത്തെ പര്യടനം ഈ കപ്പൽ വിജയകരമായി പൂർത്തിയാക്കി വരുന്നു.
പ്രാചീനകാലത്ത് ഇന്ത്യയും മധ്യേഷ്യയും തമ്മിലുണ്ടായിരുന്ന വ്യാപാര ബന്ധങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് ഈ യാത്ര.
അജന്ത ഗുഹകളിലെ അഞ്ചാം നൂറ്റാണ്ടിലെ ചുവർചിത്രങ്ങളിൽ കാണപ്പെടുന്ന കപ്പലിന്റെ മാതൃകയെ ആസ്പദമാക്കിയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കപ്പലിന്റെ പായയിൽ കടമ്പ രാജവംശത്തിന്റെ മുദ്രയും മുൻഭാഗത്ത് ദക്ഷിണേന്ത്യൻ ക്ഷേത്രങ്ങളിൽ കാണാറുള്ള ‘സിംഹയാളി’ എന്ന സങ്കൽപ്പ ജീവിയുടെ രൂപവും ആലേഖനം ചെയ്തിട്ടുണ്ട്.
ഇന്ത്യയുടെ മറന്നുപോയ പരമ്പരാഗത കപ്പൽ നിർമ്മാണ വിദ്യകൾ പുനരുജ്ജീവിപ്പിക്കുക, സമുദ്ര ഗവേഷണത്തിൽ പുതിയ പാതകൾ തുറക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
കടൽ കടന്നുള്ള ഈ യാത്ര കേവലം ഒരു സാഹസിക കൃത്യമല്ല, മറിച്ച് ഭാരതം പണ്ട് സമുദ്ര വ്യാപാരത്തിൽ പുലർത്തിയിരുന്ന ആധിപത്യത്തിന്റെ തെളിവാണ്. നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്ന വിദ്യകൾ ഇന്നും പ്രായോഗികമാണെന്ന് തെളിയിക്കാൻ കൗണ്ഡിന്യയുടെ യാത്രയ്ക്ക് സാധിച്ചുവെന്നാണ് വിലയിരുത്തൽ.













Discussion about this post