പശ്ചിമ ബംഗാളിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് വീശുകയാണെന്നും യുവാക്കൾ ബിജെപിയുടെ വികസന മാതൃകയിൽ പൂർണ്ണ വിശ്വാസമർപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ നഗരസഭയിലടക്കം ബിജെപി നേടിയ ചരിത്ര വിജയം ചൂണ്ടിക്കാട്ടിയായിരുന്നു മാൽഡയിൽ നടന്ന വൻ റാലിയിൽ പ്രധാനമന്ത്രിയുടെ പ്രസംഗം. ബംഗാളിലെ മമതാ ബാനർജി സർക്കാരിനെ ‘ക്രൂരവും നിരുത്തരവാദപരവും’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, തൃണമൂൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് തൂത്തെറിയാൻ ആഹ്വാനം ചെയ്തു. “പൽട്ടാനോ ദർക്കാർ” (മാറ്റം വേണം) എന്ന് പ്രധാനമന്ത്രി വിളിച്ചുചോദിച്ചപ്പോൾ, “ചായ് ബിജെപി സർക്കാർ” (ബിജെപി സർക്കാർ വേണം) എന്ന് ജനക്കൂട്ടം ആവേശത്തോടെ മറുപടി നൽകി.
മഹാരാഷ്ട്രയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ റെക്കോർഡ് വിജയം രാജ്യത്തിന്റെ രാഷ്ട്രീയ ദിശ മാറ്റുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരസഭകളിലൊന്നായ ബിഎംസിയിൽ മൂന്ന് പതിറ്റാണ്ട് നീണ്ട താക്കറെ കുടുംബത്തിന്റെ ആധിപത്യം തകർത്ത് ബിജെപി-ഷിൻഡെ സഖ്യം (മഹായുതി) അധികാരം പിടിച്ചെടുത്തത് അദ്ദേഹം എടുത്തുപറഞ്ഞു.ബിജെപിക്ക് ജയിക്കാൻ കഴിയില്ലെന്ന് പലരും വിചാരിച്ച കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് ബിജെപി ആദ്യത്തെ മേയറെ തിരഞ്ഞെടുത്തത് പാർട്ടിയുടെ സ്വീകാര്യത വർദ്ധിക്കുന്നതിന്റെ തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്നത്തെ യുവാക്കൾ, പ്രത്യേകിച്ച് ‘ജനറേഷൻ സെഡ്’ (Gen Z), ബിജെപിയുടെ വികസന നയങ്ങളിലാണ് പ്രതീക്ഷ അർപ്പിക്കുന്നത്. ബംഗാളിലും ഈ മാറ്റം ദൃശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ബംഗാൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി നുഴഞ്ഞുകയറ്റമാണെന്ന് പ്രധാനമന്ത്രി തുറന്നടിച്ചു. തൃണമൂൽ സർക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റം കാരണം പലയിടങ്ങളിലും പ്രാദേശിക ഭാഷയും സംസ്കാരവും മാറുകയാണ്.മാൽഡയിലും മുർഷിദാബാദിലും നടക്കുന്ന വർഗീയ സംഘർഷങ്ങൾക്ക് കാരണം നുഴഞ്ഞുകയറ്റക്കാരാണെന്നും ബിജെപി അധികാരത്തിൽ വന്നാൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.കേന്ദ്ര സർക്കാർ അയക്കുന്ന പണം തൃണമൂൽ നേതാക്കൾ കൊള്ളയടിക്കുകയാണെന്ന് മോദി കുറ്റപ്പെടുത്തി.
പാവങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകുന്ന ആയുഷ്മാൻ ഭാരത് പദ്ധതി മമതാ സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്.പിഎം ആവാസ് യോജന, സൗജന്യ റേഷൻ എന്നിവ തൃണമൂൽ സിൻഡിക്കേറ്റുകൾ അട്ടിമറിക്കുന്നു. ബംഗാളിലെ ജനങ്ങളുടെ ശത്രുവായി മമതാ സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു. “ഗംഗാ മാതാവിന്റെ അനുഗ്രഹത്താൽ വികസനത്തിന്റെ പുഴ ഇനി ബംഗാളിലൂടെ ഒഴുകും. ബീഹാറിലും ഒഡീഷയിലും കണ്ടതുപോലെ സദ്ഭരണം ബംഗാളിലും ബിജെപി കൊണ്ടുവരുംമെന്ന്.” പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.













Discussion about this post