വാഷിംഗ്ടൺ : ഗ്രീൻലാൻഡിനെച്ചൊല്ലിയുള്ള യുഎസ്-യൂറോപ്പ് സംഘർഷങ്ങൾ വർദ്ധിക്കുന്നതിനിടയിൽ രൂപ മാറ്റം വരുത്തിയ ലോക ഭൂപടം പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ഗ്രീൻലാൻഡ്, കാനഡ, വെനിസ്വേല എന്നീ രാജ്യങ്ങളെ യുഎസിന്റെ ഭാഗമാക്കി മാറ്റിയ ഭൂപടമാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗ്രീൻലാൻഡിലെ പിറ്റുഫിക് ബഹിരാകാശ താവളത്തിൽ യുഎസ് ഒരു നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് (NORAD) വിമാനം വിന്യസിക്കാൻ ഒരുങ്ങുന്നതായുള്ള ചില റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപ് ഈ പുതിയ ഭൂപടം ട്രൂത്ത് സോഷ്യൽ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
നാറ്റോ നേതാക്കൾക്കൊപ്പം ട്രംപ് ഓവൽ ഓഫീസിനുള്ളിൽ ഇരിക്കുന്ന ഒരു പഴയ ചിത്രമാണ് ട്രംപ് പങ്കുവെച്ചിട്ടുള്ളത്. എന്നാൽ ഈ പഴയ ചിത്രത്തിലെ അമേരിക്കയുടെ ഭൂപടത്തിൽ രൂപ മാറ്റം വരുത്തി ഗ്രീൻലാൻഡ്, കാനഡ, വെനിസ്വേല എന്നീ രാജ്യങ്ങളെ കുടി യുഎസിന്റെ പ്രദേശങ്ങളാക്കി മാറ്റിയിരിക്കുകയാണ്. 2025 ഓഗസ്റ്റിൽ വൈറ്റ് ഹൗസിൽ വെച്ച് യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ, ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ഫിൻലാൻഡ് പ്രസിഡന്റ് അലക്‌സാണ്ടർ സ്റ്റബ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ എന്നിവരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയപ്പോൾ എടുത്ത ചിത്രമാണ് രൂപമാറ്റം വരുത്തിയ ഭൂപടത്തോടൊപ്പം വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്. യുക്രെയ്‌നിലെ യുദ്ധത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായാണ് അന്ന് ട്രംപും യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്.











Discussion about this post