തനിക്ക് നോബൽ സമ്മാനം വേണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തനിക്ക് നോബൽ സമാധാന സമ്മാനത്തോടുള്ള താൽപര്യം അവസാനിച്ചതായാണ് ട്രംപിൻറെ പ്രഖ്യാപനം. നോർവേ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോറിന് അയച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമാധാന സമ്മാനത്തിനായി താൻ അർഹനാണെന്ന് മുൻപ് പലപ്പോഴും വാദിച്ചിരുന്ന ട്രംപ്, ഇപ്പോൾ തനിക്ക് അതിൽ താൽപര്യമില്ലെന്നാണ് വ്യക്തമാക്കുന്നത്. നോബൽ കമ്മിറ്റി തനിക്ക് സമ്മാനം നൽകേണ്ടെന്ന് തീരുമാനിച്ച സാഹചര്യത്തിലാണിത്.
താൻ എട്ട് യുദ്ധങ്ങൾ വരെ ഒഴിവാക്കാൻ സഹായിച്ചിട്ടും നോബൽ കമ്മിറ്റി തന്നെ അവഗണിച്ചുവെന്ന് ട്രംപ് കത്തിൽ കുറിച്ചു. ഇനി മുതൽ “സമാധാനത്തെക്കുറിച്ച് മാത്രം” ചിന്തിക്കാൻ താൻ ബാധ്യസ്ഥനല്ലെന്നും, അമേരിക്കയ്ക്ക് നല്ലതെന്ന് തോന്നുന്ന കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീൻലാൻഡിന്മേൽ അമേരിക്കയ്ക്ക് പൂർണ്ണ നിയന്ത്രണം ആവശ്യമാണെന്ന് ട്രംപ് കത്തിൽ ആവർത്തിച്ചു. റഷ്യയിൽ നിന്നോ ചൈനയിൽ നിന്നോ ആ പ്രദേശത്തെ സംരക്ഷിക്കാൻ ഡെന്മാർക്കിന് കഴിയില്ലെന്നും അദ്ദേഹം വാദിച്ചു.
നോബൽ സമാധാന സമ്മാനം തീരുമാനിക്കുന്നത് സ്വതന്ത്രമായ ഒരു കമ്മിറ്റിയാണെന്നും അതിൽ നോർവേ സർക്കാരിന് പങ്കില്ലെന്നും പ്രധാനമന്ത്രി സ്റ്റോർ പ്രതികരിച്ചു.
നാറ്റോയ്ക്ക് വേണ്ടി താൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ടെന്നും, ഇനി നാറ്റോ അമേരിക്കയ്ക്ക് വേണ്ടി എന്തെങ്കിലും ചെയ്യേണ്ട സമയമാണെന്നും ട്രംപ് കത്തിൽ പറഞ്ഞു. നോബൽ സമ്മാനം ലഭിക്കാത്തതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് ട്രംപ് ഗ്രീൻലാൻഡ് വിഷയത്തിൽ തന്റെ കർക്കശമായ നിലപാട് തുടരുകയാണ്.













Discussion about this post