രാജ്യത്ത് ആൻഡ്രോയിഡ് ഫോണുകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘വിംഗോ’ (Wingo) എന്ന വൻകിട സൈബർ തട്ടിപ്പ് ശൃംഖലയെ തകർത്ത് കേന്ദ്ര സർക്കാർ. ഉപയോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണുകളിൽ നിന്ന് തട്ടിപ്പ് സന്ദേശങ്ങൾ അയക്കുന്നതായും വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതായും കണ്ടെത്തിയതിനെ തുടർന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ ശക്തമായ നടപടി സ്വീകരിച്ചത്. തട്ടിപ്പ് സംഘത്തിന്റെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും അനുബന്ധ ഓൺലൈൻ ചാനലുകളും കേന്ദ്രം പൂർണ്ണമായും പ്രവർത്തനരഹിതമാക്കി. ആൻഡ്രോയിഡ് ഉപയോക്താക്കൾ അപരിചിതമായ ആപ്പുകൾ ഡൗൺലോഡ് ചെയ്യരുതെന്നും ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും സർക്കാർ കർശനമായ മുന്നറിയിപ്പ് നൽകി.
കുറഞ്ഞ സമയത്തിനുള്ളിൽ വലിയ തുക സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്താണ് വിംഗോ ആപ്പ് ആളുകളെ ആകർഷിച്ചിരുന്നത്. ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഉപയോക്താവിന്റെ കോൺടാക്റ്റുകൾ, ഗാലറി, ലൊക്കേഷൻ എന്നിവയിലേക്ക് പ്രവേശനം നേടിയെടുക്കുന്ന തട്ടിപ്പുകാർ, ഫോണുകൾ ഉപയോഗിച്ച് മറ്റുള്ളവരിലേക്ക് വ്യാജ സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു. നിക്ഷേപമെന്ന പേരിൽ പണം തട്ടിയ ശേഷം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയായിരുന്നു ഇവരുടെ രീതി.
നടപടിയുടെ ഭാഗമായി വിംഗോ ആപ്പുമായി ബന്ധപ്പെട്ട കമാൻഡ് ആൻഡ് കൺട്രോൾ സെർവറുകൾ ജിയോ ബ്ലോക്ക് ചെയ്യുകയും 1.53 ലക്ഷം അംഗങ്ങളുള്ള നാല് ടെലിഗ്രാം ചാനലുകൾ പൂട്ടിക്കുകയും ചെയ്തു. കൂടാതെ, തട്ടിപ്പിന് പ്രചാരണം നൽകിയ 53 യൂട്യൂബ് വീഡിയോകളും നീക്കം ചെയ്തിട്ടുണ്ട്. സുരക്ഷിതമല്ലാത്ത യുപിഐ ഐഡികളിലേക്കും പേഴ്സണൽ വാലറ്റുകളിലേക്കും പണം അയക്കരുതെന്നും തട്ടിപ്പിന് ഇരയായാൽ ഉടനടി ‘1930’ എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ ഔദ്യോഗിക സൈബർ പോർട്ടലിലോ പരാതിപ്പെടണമെന്നും അധികൃതർ അറിയിച്ചു













Discussion about this post