അമ്മയുടെ വിവാഹേതര ബന്ധത്തെത്തുടർന്ന് ശാരീരികവും മാനസികവുമായ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നുവെന്ന മക്കളുടെ പരാതിയിൽ കർശന നടപടിയുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കാൻ മീനങ്ങാടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് (എസ്എച്ച്ഒ) കമ്മിഷൻ നിർദ്ദേശം നൽകി. മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥാണ് ഉത്തരവിട്ടത്. അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ എന്തെങ്കിലും തരത്തിലുള്ള ദേഹോപദ്രവമോ ഭീഷണിയോ നേരിടേണ്ടി വന്നാൽ കുട്ടികൾക്ക് നേരിട്ട് മീനങ്ങാടി പോലീസിനെ സമീപിക്കാമെന്നും കമ്മീഷൻ വ്യക്തമാക്കി.
കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ ഇടപെടുന്നതിനും നടപടി സ്വീകരിക്കുന്നതിനും മനുഷ്യാവകാശ കമ്മിഷന് ചില നിയമപരമായ പരിമിതികളുണ്ടെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. എങ്കിലും കുട്ടികളുടെ സുരക്ഷയും ക്ഷേമവും മുൻനിർത്തിയാണ് കമ്മിഷന്റെ ഇടപെടൽ. അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികളുടെ അമ്മയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി താക്കീത് നൽകിയതായി മീനങ്ങാടി എസ്എച്ച്ഒ കമ്മിഷന് റിപ്പോർട്ട് നൽകി. മാതാപിതാക്കൾ തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കുടുംബ കോടതിയെ സമീപിക്കാൻ നിർദ്ദേശിച്ചതായും പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുട്ടികളുടെ സംരക്ഷണവും മാനസികാരോഗ്യം ഉറപ്പാക്കലും പോലീസിന്റെ മുൻഗണനയാണെന്നും റിപ്പോർട്ടിലുണ്ട്.













Discussion about this post