ന്യൂസിലൻഡിനെതിരായ അവസാന ടി20 പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിൽ വലിയ മാറ്റങ്ങൾ വേണമെന്ന ആവശ്യവുമായി മുൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർത്ഥിവ് പട്ടേൽ. സഞ്ജു സാംസണിന്റെ മോശം ഫോമും ഇഷാൻ കിഷന്റെ തകർപ്പൻ തിരിച്ചുവരവും മുൻനിർത്തി പാർത്ഥിവ് പട്ടേൽ പങ്കുവെച്ച നിരീക്ഷണങ്ങൾ ശ്രദ്ധേയമാണ്.
താനാണ് ടീം മാനേജ്‌മെന്റിൽ ഉള്ളതെങ്കിൽ അവസാന മത്സരത്തിൽ സഞ്ജു സാംസണിന് പകരം വിക്കറ്റ് കീപ്പർ ബാറ്ററായി ഇഷാൻ കിഷനെ കളിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ടി20 ലോകകപ്പിൽ ഇഷാൻ കിഷനെയാണ് പ്രധാന വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നതെങ്കിൽ, അവസാന ടി20-യിലും ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരിശീലന മത്സരത്തിലും താരത്തിന് അവസരം നൽകണം എന്നാണ് മുൻ താരം പറഞ്ഞത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ സമ്മർദ്ദങ്ങളുമായി ഇഷാൻ പൊരുത്തപ്പെടാൻ ഇത് അത്യന്താപേക്ഷിതമാണ്.
ഈ പരമ്പരയിലെ നാല് ഇന്നിംഗ്സുകളിൽ നിന്ന് വെറും 40 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്. ലോകകപ്പ് അടുത്തിരിക്കെ സഞ്ജുവിന്റെ ഈ പ്രകടനം ടീമിലെ സ്ഥാനത്തെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയർത്തുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ഇഷാൻ കിഷൻ മൂന്ന് മത്സരങ്ങളിൽ നിന്ന് 112 റൺസ് നേടി മികച്ച ഫോമിലാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡിനെ കിരീടത്തിലേക്ക് നയിച്ച ആത്മവിശ്വാസം താരത്തിനുണ്ടെന്നും പാർത്ഥിവ് പട്ടേൽ ചൂണ്ടിക്കാട്ടി.












Discussion about this post