ഇൻഡോ-പസിഫിക് മേഖലയിൽ ചൈനയുടെ കടന്നുകയറ്റത്തിന് തടയിടാൻ ഇന്ത്യയെ ഒപ്പം നിർത്താൻ അമേരിക്കയുടെ നിർണ്ണായക നീക്കം. അമേരിക്കൻ കോൺഗ്രസിന്റെ ഉന്നതാധികാര സമിതിയായ ‘യുഎസ്-ചൈന ഇക്കണോമിക് ആൻഡ് സെക്യൂരിറ്റി റിവ്യൂ കമ്മീഷൻ’ (USCC) ഈ വർഷത്തെ വിളിച്ചുചേർക്കുന്ന പ്രത്യേക യോഗത്തിന്റെ കേന്ദ്രബിന്ദു ഭാരതമാണ്. . ഫെബ്രുവരി 17-ന് വാഷിംഗ്ടണിൽ നടക്കുന്ന ഈ ചരിത്രപരമായ യോഗത്തിൽ, ചൈനീസ് കടന്നുകയറ്റത്തെ തടയാൻ ഭാരതത്തിന്റെ സൈനിക-സാമ്പത്തിക വളർച്ച എങ്ങനെ പ്രയോജനപ്പെടുത്താം എന്നതിലാകും പ്രധാന ചർച്ച.
ഗാൽവാൻ താഴ്വരയിലെ സംഘർഷത്തിന് ശേഷം നാല് വർഷത്തോളം തണുത്തുറഞ്ഞു കിടന്ന ഇന്ത്യ-ചൈന ബന്ധത്തിൽ അടുത്തിടെയുണ്ടായ പുരോഗതിയും, അതിർത്തിയിലെ സേന പിന്മാറ്റവും അമേരിക്ക അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന ‘ആത്മനിർഭർ ഭാരത്’ പദ്ധതിയിലൂടെ സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഔഷധ നിർമ്മാണ മേഖലകളിൽ ഇന്ത്യ കൈവരിക്കുന്ന സ്വയംപര്യാപ്തത ചൈനയുടെ സാമ്പത്തിക നട്ടെല്ലൊടിക്കുമെന്ന് അമേരിക്കൻ വിദഗ്ധർ വിലയിരുത്തുന്നു. 2026 ഏപ്രിലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈന സന്ദർശിക്കാനിരിക്കെ, അതിനു മുന്നോടിയായി ഇന്ത്യയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ഊട്ടിഉറപ്പിക്കാനാണ് വാഷിംഗ്ടൺ ലക്ഷ്യമിടുന്നത്.
ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനീസ് സാന്നിധ്യത്തെ പ്രതിരോധിക്കാൻ ഭാരതത്തിന് നൽകേണ്ട സൈനിക സഹായങ്ങളും വ്യാപാര ബന്ധങ്ങളും യോഗത്തിൽ ചർച്ചയാകും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ ഒരു ആഗോള നിർമ്മാണ ഹബ്ബായി ഉയർത്തിക്കാട്ടുന്നതിലൂടെ ചൈനയുടെ വിതരണ ശൃംഖലയെ തകർക്കാനാണ് അമേരിക്കൻ നീക്കം. വരും വർഷങ്ങളിൽ ഏഷ്യയിലെ ശക്തികേന്ദ്രമായി ഇന്ത്യ മാറുന്നത് തങ്ങളുടെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് അമേരിക്കൻ ഭരണകൂടം ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു.













Discussion about this post