ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്‌ലിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ട് അപ്രത്യക്ഷമായത് ആരാധകർക്കിടയിൽ വലിയ ആശങ്ക പരത്തി. വ്യാഴാഴ്ച രാത്രി മുതൽ അപ്രത്യക്ഷമായ അക്കൗണ്ട് ഇന്ന് രാവിലെയാണ് തിരികെ വന്നത്.
ജനുവരി 29 വ്യാഴാഴ്ച രാത്രി വൈകിയാണ് 274 ദശലക്ഷം ഫോളോവേഴ്‌സുള്ള കോഹ്‌ലിയുടെ അക്കൗണ്ട് പെട്ടെന്ന് പ്രവർത്തനരഹിതമായത്. “യൂസർ നോട്ട് ഫൗണ്ട്”എന്ന സന്ദേശം കണ്ടതോടെ ലക്ഷക്കണക്കിന് ആരാധകർ ആശങ്കയിലായി. പലരും അനുഷ്ക ശർമ്മയുടെ അക്കൗണ്ടിൽ വിവരങ്ങൾ തിരക്കി കമന്റുകൾ രേഖപ്പെടുത്തി.
സോഷ്യൽ മീഡിയയിൽ #ViratKohli, #ComeBackKohli എന്നീ ഹാഷ്‌ടാഗുകൾ ഉടൻ തന്നെ ട്രെൻഡിംഗ് ആയി മാറി. എന്തായാലും ആശങ്കകൾ നിറഞ്ഞ മണിക്കൂറുകൾക്ക് ഒടുവിൽ രാവിലെ എട്ടരയോടെ കോഹ്‌ലിയുടെ അക്കൗണ്ട് വീണ്ടും സജീവമായി.
അക്കൗണ്ട് അപ്രത്യക്ഷമായതിനെക്കുറിച്ച് വിരാട് കോഹ്‌ലിയോ മെറ്റയോ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണോ അതോ താരം സ്വയം ഡീആക്ടിവേറ്റ് ചെയ്തതാണോ എന്ന കാര്യത്തിൽ പല തരത്തിലുള്ള ഊഹാപോഹങ്ങൾ പ്രചരിക്കുന്നുണ്ട്. മാനസിക സമാധാനത്തിനായി താരം എടുത്ത ഇടവേളയാകാമെന്നും ചിലർ കരുതുന്നു.













Discussion about this post