പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കൻ ഭരണാധികാരികൾക്ക് നൽകിയ വിശിഷ്ട സമ്മാനങ്ങളുടെ പട്ടിക പുറത്ത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട 2024 കലണ്ടർ വർഷത്തിലെ ‘വിദേശ സർക്കാരുകളിൽ നിന്ന് ലഭിച്ച സമ്മാനങ്ങളുടെ’ റിപ്പോർട്ടിലാണ് പ്രധാനമന്ത്രി മോദിയും മറ്റ് ഇന്ത്യൻ ഉന്നത ഉദ്യോഗസ്ഥരും നൽകിയ വിലപിടിപ്പുള്ള സമ്മാനങ്ങളുടെ വിശദാംശങ്ങളുള്ളത്. ഭാരതത്തിന്റെ തനത് കലയും സംസ്‌കാരവും പ്രതിഫലിക്കുന്ന ഈ സമ്മാനങ്ങൾ അമേരിക്കൻ ഔദ്യോഗിക രേഖകളിൽ ഇടംപിടിച്ചു കഴിഞ്ഞു.
മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് പ്രധാനമന്ത്രി മോദി നൽകിയ ആഡംബര വെള്ളി ട്രെയിൻ സെറ്റാണ് പട്ടികയിലെ പ്രധാന ആകർഷണം. ഏകദേശം 7,750 ഡോളർ (ഏകദേശം 6.5 ലക്ഷം രൂപ) വിലമതിക്കുന്ന ഈ ‘സ്റ്റെർലിംഗ് സിൽവർ മെറ്റൽ ട്രെയിൻ സെറ്റ്’ 2024 ജൂലൈ 16-നാണ് മോദി സമ്മാനിച്ചത്. കൂടാതെ 2023 സെപ്റ്റംബറിൽ ഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിക്കിടെ തടിയിൽ തീർത്ത പെട്ടി, ഷാൾ, കുങ്കുമപ്പൂവ്, ചായപ്പൊടി എന്നിവയടങ്ങിയ വിശിഷ്ടമായ കിറ്റും ബൈഡന് ലഭിച്ചു. ഇതിൽ തടിപ്പെട്ടിയും ഷാളും ദേശീയ ആർക്കൈവ്‌സിലേക്ക് മാറ്റിയപ്പോൾ, കുങ്കുമപ്പൂവും ചായപ്പൊടിയും സുരക്ഷാ മാനദണ്ഡങ്ങൾ പ്രകാരം നശിപ്പിച്ചു.
മുൻ പ്രഥമ വനിത ജിൽ ബൈഡനും ഭാരതീയ കലയുടെ മാറ്ററിഞ്ഞു. 2,969 ഡോളർ (ഏകദേശം 2.5 ലക്ഷം രൂപ) വിലമതിക്കുന്ന കാശ്മീരി പശ്മിന ഷാളാണ് പ്രധാനമന്ത്രി അവർക്ക് സമ്മാനിച്ചത്. മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന് ഭാരതീയ ഇതിഹാസമായ രാസലീല ചിത്രീകരിച്ച ‘ലോർഡ് കൃഷ്ണ രാസലീല സിൽവർ ബോക്സ്’ മോദി നൽകി. 1,330 ഡോളറാണ് ഇതിന്റെ മൂല്യം കണക്കാക്കുന്നത്. കമല ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് എംഹോഫിന് വെള്ളിയിൽ തീർത്ത മനോഹരമായ കഫ്ലിങ്കുകളും സമ്മാനമായി ലഭിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തന്റെ അമേരിക്കൻ സഹപ്രവർത്തകൻ ജേക്കബ് സള്ളിവന് കാശ്മീരി പശ്മിന ഷാൾ സമ്മാനിച്ചപ്പോൾ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ലോയ്ഡ് ഓസ്റ്റിന് നൽകിയത് വെങ്കലത്തിൽ തീർത്ത ‘ശിവ നടരാജ’ വിഗ്രഹമാണ്. 3,700 ഡോളർ മൂല്യമുള്ള ഈ വിഗ്രഹം ഭാരതീയ തച്ചുശാസ്ത്രത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി അമേരിക്കൻ മണ്ണിൽ മാറ്റുരയ്ക്കുന്നു. 480 ഡോളറിൽ കൂടുതൽ മൂല്യമുള്ള സമ്മാനങ്ങൾ സ്വീകരിക്കുന്നത് സംബന്ധിച്ച നിയമപരമായ വെളിപ്പെടുത്തലിന്റെ ഭാഗമായാണ് യുഎസ് ഈ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.












Discussion about this post